സി.എം അബ്ദുല്ല മൗലവി വധം: സി.ബി.ഐ സംഘം വീണ്ടുമെത്തി
കാസര്‍കോട്: പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവി വധക്കേസുമായി ബന്ധപ്പെട്ടു നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ സംഘം വീണ്ടും കാസര്‍കോട്ടെത്തി. സി.ബി.ഐ മുന്‍പ് രണ്ടു തവണ എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളുകയും കേസില്‍ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഘം വീണ്ടും എത്തിയത്.
മാസങ്ങളായി നിലച്ചിരുന്ന അന്വേഷണം ജൂണ്‍ ആദ്യവാരത്തിലാണ് സി.ബി.ഐ വീണ്ടും തുടങ്ങാന്‍ നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി സി.ബി.ഐ, ഡി.വൈ.എസ്.പി ഡാര്‍വിന്‍ കാസര്‍കോട്ടെത്തി ഞായറാഴ്ച വിദഗ്ധ സംഘവുമായി അന്വേഷണത്തിന് എത്തുമെന്ന് അബ്ദുല്ല മൗലവിയുടെ കുടുംബത്തെയും മറ്റും അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഡോക്ടര്‍മാരടങ്ങുന്ന പ്രത്യേക സംഘം ജില്ലയിലെത്തി തെളിവെടുപ്പ് നടത്തിയത്. കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി. കെ.ജി ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച ചെമ്പരിക്കയില്‍ എത്തിയത്.
കേസില്‍ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന സി.ബി.ഐ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം സി.ജെ.എം. കോടതിയുടെ നിര്‍ദ്ദേശപ്രകാരം പുതുച്ചേരി ജിപ്പ്‌മെറിലെ (ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച്) ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും അന്വേഷണ സംഘത്തോടൊപ്പമുണ്ട്. അഡീഷണല്‍ പ്രൊഫസര്‍ ഓഫ് സൈക്കാര്‍ട്ടിസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. വികാസ് മേനോന്‍, പ്രൊഫസര്‍ ആന്‍ഡ് എച്ച്.ഒ.ഡി. ഓഫ് ഫോറന്‍സിക് മെഡിസിന്‍ ഡോ. കുസ കുമാര്‍ സാഹ, സൈക്കാട്രി പ്രൊഫസര്‍ ഡോ. മൗഷ്മി പുര്‍കായസ്ത, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കെ.അറിവഴകന്‍, സൈക്കാട്രി സോഷ്യല്‍ വര്‍ക്കര്‍ കെ. ഗ്രീഷ്മ എന്നിവരുള്‍പ്പെടയുള്ള സംഘമാണ് എത്തിയത്.
കേസില്‍ ഇത് മൂന്നാം തവണയാണ് സി.ബി.ഐ അന്വേഷണം നടക്കുന്നത്. സൈക്കോളിജിക്കല്‍ ഓട്ടോപ്‌സി (ബന്ധുക്കളും സുഹൃത്തുക്കളും മറ്റ് അടുപ്പക്കാരുമായി സംസാരിച്ച് മരിച്ചയാളിന്റെ മനോനില മനസിലാക്കുന്ന രീതി)യുടെ ഭാഗമായാണ് സംഘം തെളിവെടുപ്പ് നടത്തിയത്. സംസ്ഥാനത്ത് പ്രസ്തുത രീതിയില്‍ അന്വേഷണം നടത്തുന്ന ആദ്യ കേസാണ് ഇതെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി.
അബ്ദുല്ല മൗലവി താമസിച്ചിരുന്ന ചെമ്പരിക്കയിലെ വീട്ടിലെത്തിയ സംഘം ഇവിടെ പരിശോധന നടത്തി. അബ്ദുല്ല മൗലവിയുടെ ബന്ധുക്കളുമായി സംസാരിച്ചു. അബ്ദുല്ല മൗലവിയുടെ ഭാര്യ, മകന്‍ ഉസ്മാന്‍, മറ്റൊരു മകനായ മുനീറിന്റെ ഭാര്യ, അബ്ദുല്ല മൗലവിയുടെ സഹോദരന്‍ ഉബൈദ് മുസ്‌ലിയാര്‍, സംഭവം നടന്ന ദിവസം കടപ്പുറത്ത് രാത്രിയില്‍ കാറും ആള്‍ക്കാരുടെ ശബ്ദവും കേട്ടു എന്നു പറയുന്ന സ്ത്രീ എന്നിവരില്‍ നിന്നുള്‍പ്പെടെ സി.ബി.ഐ സംഘം മൊഴി രേഖപ്പെടുത്തി. സംഘം തിങ്കളാഴ്ചയും തെളിവെടുപ്പുകള്‍ നടത്തുമെന്നാണ് വിവരം.
2010 ഫെബ്രുവരി 15 നു പുലര്‍ച്ചെയാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടുക്കക്കല്ലിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."