വീണ്ടും മുംബൈ ഇന്ത്യന്‍സ്
ഹൈദരാബാദ്: ആവേശം അവസാന പന്ത് വരെ നിലനിന്ന ഫൈനല്‍ പോരാട്ടം അതിജീവിച്ച് മുംബൈ ഇന്ത്യന്‍സ് മൂന്നാം വട്ടവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി. റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റിനെ നാടകീയതകള്‍ നിറഞ്ഞ പോരാട്ടത്തില്‍ ഒറ്റ റണ്‍സിന് വീഴ്ത്തിയാണ് മുംബൈ ചാംപ്യന്‍മാരായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്. കന്നി കിരീടം ലക്ഷ്യമിട്ട് ബാറ്റിങിനിറങ്ങിയ പൂനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു പടിക്കല്‍ കലമുടക്കുകയായിരുന്നു. 50 പന്തില്‍ 51 റണ്‍സുമായി നായകന്‍ സ്മിത്തും 38 പന്തില്‍ 44 റണ്‍സുമായി അജിന്‍ക്യ രഹാനെയും തിളങ്ങി. മറ്റൊരാളും മികച്ച ബാറ്റിങ് പുറത്തെടുക്കാഞ്ഞത് പൂനെയുടെ വിധിയെഴുതി. മുംബൈ ബൗളര്‍മാരുടെ കണിശതയാര്‍ന്ന ബൗളിങും ഫീല്‍ഡിങ് മികവും പൂനെയെ പരാജയത്തിലേക്ക് തള്ളിയിട്ടു. മിച്ചല്‍ ജോണ്‍സന്‍ മൂന്നും ജസ്പ്രിത് ബുമ്‌റ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അവസാന ഓവറില്‍ ജോണ്‍സന്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ മികച്ച ബൗളിങിലൂടെ മുംബൈയുടെ സ്‌കോര്‍ 129ല്‍ ഒതുക്കുന്നതില്‍ പൂനെ ബൗളര്‍മാര്‍ വിജയിച്ചു. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തുടക്കത്തില്‍ തന്നെ തെറ്റാണെന്ന് തെളിയിക്കാന്‍ പൂനെയ്ക്ക് സാധിച്ചു. ടൂര്‍ണമെന്റിലുടനീളം മികച്ച ബൗളിങ് നടത്തിയ ജയദേവ് ഉനദ്കട് തന്റെ രണ്ടാം ഓവറിന്റെ ഒന്നാം പന്തിലും നാലാം പന്തിലും ഓപണര്‍മാരെ മടക്കി മുംബൈയെ ഞെട്ടിച്ചു. ലന്‍ഡല്‍ സിമ്മണ്‍സ് മൂന്ന് റണ്‍സിലും പാര്‍ഥിവ് പട്ടേല്‍ നാല് റണ്‍സുമെടുത്ത് പുറത്തായി. ഈ പ്രഹരത്തില്‍ നിന്ന് മുംബൈയ്ക്ക് പിന്നീട് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. പിന്നീട് അമ്പാട്ടി റായിഡു (12), രോഹിത് ശര്‍മ (24) എന്നിവരും കൂടാരം കയറി. വെടിക്കെട്ട് വീരന്‍ പൊള്ളാര്‍ഡ് ഒരു സിക്‌സ് തൂക്കി പ്രതീക്ഷ നല്‍കിയെങ്കിലും ഏഴ് റണ്‍സില്‍ വിന്‍ഡീസ് താരവും ഔട്ട്. അഞ്ചാമനായി ക്രീസിലെത്തിയ ക്രുണല്‍ പാണ്ഡ്യ ഒരറ്റം കാത്തത് മുംബൈക്ക് ആശ്വസമായി. മറ്റുള്ളവര്‍ വിക്കറ്റുകള്‍ കളഞ്ഞപ്പോഴും 38 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും പറത്തി ക്രുണല്‍ നേടിയ 47 റണ്‍സാണ് മുംബൈ സ്‌കോര്‍ 100 കടത്തിയതും 129 വരെ എത്തിച്ചതും. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ക്രുണല്‍ പുറത്തായത്. ഹര്‍ദിക് പാണ്ഡ്യ (10), മിച്ചല്‍ ജോണ്‍സന്‍ (പുറത്താകാതെ 13) എന്നിവരും രണ്ടക്കം കണ്ടു. പൂനെക്കായി ഉനദ്കട്, ആദം സാംപ, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."