വധു വയനാട്ടില്‍ പറന്നിറങ്ങി; ഇടുക്കിയില്‍നിന്ന്
സ്വന്തം ലേഖകന്‍
തൊടുപുഴ: വയനാട്ടിലെ വരന്റെയടുത്ത് ഇടുക്കിയില്‍ നിന്ന് വധു പറന്നിറങ്ങി, ഹെലിക്കോപ്റ്ററില്‍. വണ്ടന്‍മേട് ആമയാര്‍ ആക്കാട്ടമുണ്ടയില്‍ ബേബിച്ചന്റെ മകള്‍ മരിയയുടെയും വയനാട് പുല്‍പ്പള്ളി സ്വദേശി വൈശാഖ് ടോമിയുടെയും വിവാഹമാണ് കൗതുകം നിറച്ചത്.
വയനാട്ടില്‍ നടക്കുന്ന താലികെട്ടിനായി വധുവും കൂട്ടരും രാവിലെ യാത്ര തിരിച്ചത് ഹെലിക്കോപ്റ്ററില്‍. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് സ്ഥലത്തെത്തി. വിവാഹം കഴിഞ്ഞ് ഇതേ ഹെലിക്കോപ്റ്ററില്‍ വധൂവരന്‍മാര്‍ വൈകിട്ടോടെ വണ്ടന്‍മേട്ടില്‍ തിരിച്ചെത്തി. വണ്ടന്‍മേട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലിക്കോപ്റ്റര്‍ ഇറങ്ങിയത്.
തിങ്കളാഴ്ച രാവിലെ ആമയാറില്‍ ഹെലിക്കോപ്റ്റര്‍ വട്ടമിട്ട് പറക്കുന്നതുകണ്ട നാട്ടുകാര്‍ക്ക് കൗതുകവും ജിജ്ഞാസയുമായിരുന്നു. പ്രളയകാലത്തും മറ്റും എത്തിയിരുന്ന ഹെലിക്കോപ്റ്റര്‍ ഇത്തവണ എന്തിനെത്തിയതെന്നറിയാന്‍ ആകാംക്ഷയായിരുന്നു. ഒടുവില്‍ അന്നാട്ടുകാരിയായ വധുവിനെ വയനാട്ടില്‍ താലികെട്ടിനെത്തിക്കാനാണ് ഹെലിക്കോപ്റ്റര്‍ എത്തിയതെന്ന് അറിഞ്ഞതോടെ ആകാംക്ഷ സന്തോഷത്തിനും അഭിമാനത്തിനും വഴിമാറി.
ചിലവ് അല്‍പം കൂടിയാലും ചുരുങ്ങിയ സമയം കൊണ്ട് യാത്ര സാധിക്കുമെന്നതിനാലാണ് ഹെലിക്കോപ്റ്റര്‍ തിരഞ്ഞെടുത്തതെന്ന് വധുവിന്റെ പിതാവ് ബേബിച്ചന്‍ പറഞ്ഞു. ഹെലിക്കോപ്റ്റര്‍ ഇറങ്ങുമ്പോള്‍ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാമെന്ന് ബേബിച്ചന്‍ എം.ഇ.എസ് സ്‌കൂള്‍ അധികൃതര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."