ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചേക്കും
തളിപ്പറമ്പ് (കണ്ണൂര്‍): ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതില്‍ വീഴ്ചവരുത്തിയെന്ന് പറഞ്ഞ് സസ്‌പെന്‍ഡ് ചെയ്ത ആന്തൂര്‍ നഗരസഭാ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സാങ്കേതികമായി നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തിയതായുള്ള സൂചനകള്‍ പുറത്തു വന്നതോടെയാണ് ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുളള സാധ്യതകളും തെളിയുന്നത്. കെട്ടിട നിര്‍മാണത്തില്‍ ചെറിയ തകരാറ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തതില്‍ തെറ്റില്ലെന്നും നിര്‍മാണത്തില്‍ ഒരുമില്ലി മീറ്റര്‍ വ്യത്യാസമുണ്ടെങ്കിലും അതു തിരുത്താതെ കെട്ടിട നമ്പര്‍ നല്‍കാനാവില്ലെന്ന് പറയാന്‍ ചട്ടപ്രകാരം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നുമാണ് വിദഗ്ധ സമിതി വിലയിരുത്തുന്നത്.
നഗരസഭാധ്യക്ഷ പി.കെ ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന നേതൃത്വം വിലയിരുത്തിയതോടെ പൊലിസ് ഉള്‍പ്പെടെ മറ്റ് എല്ലാ വകുപ്പ് തലത്തിലുമുള്ള അന്വേഷണങ്ങള്‍ മരവിപ്പിച്ചേക്കും. അതോടൊപ്പം വിദഗ്ധ സമിതി കണ്ടെത്തിയ ചെറിയ ന്യൂനതകള്‍ രണ്ടു ദിവസത്തിനകം പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തി പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ഇതു പരിഹരിച്ച് നഗരസഭയെ അറിയിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പര്‍ കൊടുക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."