കുടിവെള്ള പദ്ധതി തകരാറിലായിട്ട് 12 വര്‍ഷം ദാഹജലത്തിനായി നെട്ടോട്ടമോടി ഒരു പ്രദേശം
കൊട്ടാരക്കര: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ടാങ്കും കുടിവെള്ളമില്ലാതെ പ്രദേശവാസികളും ദാഹജലത്തിനായി കേഴുന്നു. കൊട്ടാരക്കര പിണറ്റിന്‍മൂട് തുവല്ലൂര്‍ വാട്ടര്‍ ടാങ്ക് ഒരു കാലത്ത് നാടിന്റെ ദാഹമകറ്റിയിരുന്നു. 17 വര്‍ഷം മുമ്പ് എഴുകോണ്‍ പഞ്ചായത്തിലെ കാക്കക്കോട്ടൂര്‍ വാര്‍ഡിലാണ് തുവല്ലൂര്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. രണ്ടര ലക്ഷം ലിറ്റര്‍ ജലസംഭരണിയുള്ള ടാങ്കിലേക്ക് കിള്ളൂര്‍ കൊതുമ്പില്‍ പമ്പ് ഹൗസില്‍ നിന്നും മോട്ടര്‍ വഴിയായിരുന്നു വെള്ളം എത്തിച്ചിരുന്നത്. 5 വര്‍ഷത്തോളം എഴുകോണ്‍ പഞ്ചായത്തിലെ കാക്കകോട്ടൂര്‍ വാര്‍ഡിലും നെടുവത്തൂര്‍ പഞ്ചായത്തിലെ പിണറ്റിന്‍മൂട് , അന്നൂര്‍ വാര്‍ഡുകളിലേയും സമീപത്തെ ഈലിയോട് ഭാഗത്ത് വീടുകളുമടക്കം മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് ദാഹമകറ്റിയിരുന്ന ഈ വാട്ടര്‍ ടാങ്ക് 12 വര്‍ഷമായി കാട് മൂടി കിടക്കുകയാണ്.
പാമ്പുകളുടേയും തെരുവുനായ്ക്കളുടേയും ആവാസ കേന്ദ്രമായി ടാങ്കും പരിസര പ്രദേശങ്ങളും മാറിക്കഴിഞ്ഞു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഇവടെ സാമൂഹൃവിരുദ്ധര്‍ വിഹരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ അധീനതയിലുള്ള 10 സെന്റ് സ്ഥലത്താണ് കുടിവെള്ള പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റി തൂവല്ലൂര്‍ വാട്ടര്‍ ടാങ്ക് പണികഴിപ്പിച്ചത്. പ്രവര്‍ത്തനം തുടങ്ങി 5 വര്‍ഷത്തോളം ആളുകള്‍ക്ക് വെള്ളം നല്‍കാന്‍ ആ ടാങ്കിന് കഴിഞ്ഞിട്ടുണ്ട്. പിണറ്റിന്‍മൂട്ടിലേയും തൂവല്ലൂരിലേയും കാക്കക്കോട്ടൂരിലേയും, അന്നൂരിലേയും പൊതു പൈപ്പുകളിലും നൂറില്‍പ്പരം പൈപ്പ് കണക്ഷന്‍ എടുത്ത ഗുണഭോക്താക്കള്‍ക്കും കുടിനീര് എത്തിച്ചത് ഈ ടാങ്കില്‍ നിന്നായിരുന്നു. കൊതുമ്പില്‍ വാട്ടര്‍ ടാങ്കില്‍ നിന്ന് യഥേഷ്ടം എത്തിയിരുന്ന വെള്ളം മുട്ടില്ലാതെ എല്ലാവരിലേക്കും എത്തിയതോടെ ഈ ഭാഗങ്ങളില്‍ കുടിവെള്ള ക്ഷാമം ഇല്ലായിരുന്നു. ഒരു സുപ്രഭാതത്തില്‍ ടാങ്കിന് ചോര്‍ച്ചയുണ്ടെന്നും ജലസംഭരണം നിര്‍ത്തി വച്ചെന്നുമാണ് സമീപവാസികളായ ആളുകള്‍ അറിയുന്നത്. നാട്ടുകാര്‍ തിരക്കിയപ്പോള്‍ ടാങ്കിന് ചോര്‍ച്ചയുള്ളതിനാല്‍ ജലം സംഭരിച്ചുവയ്ക്കുവാന്‍ കഴിയില്ലെന്നായിരുന്നു അന്നത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് സമീപവാസികള്‍ വിശദീകരിക്കുന്നു.
ടാങ്കിന്റെ മുന്‍പിലെ പൈപ്പിന്റെ വാല്‍വ് അടച്ചതോടെ ടാങ്കും വാട്ടര്‍ അതോറിറ്റി ജീവനക്കാരും തമ്മിലുള്ള ബന്ധം അവസാനിച്ചു. മാറി വന്ന സര്‍ക്കാരും ജനപ്രതിനിധികളും കുടിവെള്ള പ്രശ്‌നം പരിഹരിക്കാനായി യാതൊരു പ്രവര്‍ത്തനവും നടത്തിയില്ലെന്നും നാട്ടുകാര്‍ പരിതപിക്കുന്നു. വേനല്‍ക്കാലമായതോടെ ഈ മേഖലയിലെ കുടിവെള്ള സ്രോതസ്സുകള്‍ എല്ലാം വറ്റിയിരിക്കുകയാണ്. പിണറ്റിന്‍മൂട് ഇടിയന്‍കുന്നിലെ കുടിവെള്ള ജലസംഭരണിയില്‍ നിന്നും മുള്ള പൈപ്പ് കണക്ഷന്‍ ഈ മേഖലയിലേക്ക് യോജിപ്പിച്ചിട്ടുണ്ടെങ്കിലും ആളുകള്‍ക്കൊന്നും വെള്ളം ലഭിക്കാറില്ല. പിണറ്റിന്‍മൂട്ടില്‍ നിന്നുള്ള പൈപ്പ് ലൈന്‍ കണക്ഷനില്‍ പലയിടത്തും പൊട്ടലുണ്ട്. ഈമേഖലയിലേക്ക് എത്തുന്ന വെള്ളമെല്ലാം പൊട്ടി ഒലിച്ചു പോകുകയാണ് പതിവ്. പൈപ്പ് പൊട്ടിയകാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചാല്‍ അവരെത്തി പൈപ്പ് ഒട്ടിച്ച് മടങ്ങുകയാണ് പതിവ്. വാട്ടര്‍ അതോറിറ്റിയിലെ പല ഉദ്യോഗസ്ഥര്‍ക്കും തുവല്ലൂര്‍ ജലസംഭരണിയെ കുറിച്ച് അറിയില്ലെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്.
കുടിവെള്ള ക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് ജനപ്രതിനിധികള്‍ ബന്ധപ്പെട്ട ഓഫീസിലെത്തി പരാതികള്‍ പറഞ്ഞെങ്കിലും നാളിതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. കാടുമൂടികിടക്കുന്ന ഈ ജല സംഭരണി വൃത്തിയാക്കി വെള്ളം എത്തിച്ചാല്‍ ഇവിടുത്തെ കുടിവെള്ള ക്ഷമാത്തിന് ഒരുപരിധിവരെ പരിഹാരമുണ്ടാകും. ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്ത് എത്താനാണ് നാട്ടുകാരുടെ തീരുമാനം. പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന കുടിവെള്ളമാണ് ഇപ്പോള്‍ ഈ മേഖലയുടെ ആശ്രയം. കഴിഞ്ഞ ദിവസം കുടിവെള്ള വിതരണത്തിനിടയില്‍ സംഘര്‍ഷം ഉണ്ടായ വാര്‍ഡില്‍ തന്നെയാണ് ഈ ജല സംഭരണി സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."