റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മാണം: തോമസ് ചാണ്ടിയുടെ മക്കള്‍ക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ്
കൊച്ചി: ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് നിയമവിരുദ്ധമായി റോഡ് നിര്‍മിച്ചെന്ന കേസില്‍ തോമസ് ചാണ്ടി എം.എല്‍.എയുടെ മക്കള്‍ക്കെതിരേ തെളിവില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.
അനാവശ്യമായി തങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ മക്കളായ ടോബി ചാണ്ടിയും ബെറ്റി ചാണ്ടിയും ഉള്‍പ്പെടെ നാലു പേര്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിജിലന്‍സ് വിശദീകരണം ബോധിപ്പിച്ചത്.
മറ്റ് ഹരജിക്കാരായ മേരി ചാണ്ടിക്കും ജോണ്‍ മാത്യുവിനുമെതിരേ തെളിവുകളൊന്നുമില്ലെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. നെല്‍പാടം നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടിവരെ റോഡ് നിര്‍മിച്ചെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കലക്ടറും ഉള്‍പ്പെടെ 22 പേരാണ് പ്രതികള്‍.
അഡ്വ. സുഭാഷ് തെക്കേക്കാടന്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈ.എസ്.പി ഹരി വിദ്യാധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
നെല്‍പാടം നിയമവിരുദ്ധമായി നികത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സീറോ ജെട്ടി വലിയകുളം റോഡ് നിര്‍മാണത്തില്‍ മാത്രമല്ല, എട്ടിടങ്ങളില്‍ കൂടി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
ഇവയെല്ലാം കമ്പനിയുടെ ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെതോ, തോമസ് ചാണ്ടിയുടെ ബന്ധുക്കളുടെതോ ആണ്. ഇതു വരെ നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ ടോബി ചാണ്ടിയുടെ പങ്ക് കണ്ടെത്താനായിട്ടില്ല.
കുറ്റകൃത്യം നടന്ന സമയത്ത് ബെറ്റി ചാണ്ടി അമേരിക്കയില്‍ പഠിക്കുകയായിരുന്നു. അതിനാല്‍ അവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."