അനധികൃത നിർമ്മാണം; ജിദ്ദയിലെ പ്രസിദ്ധമായ "കപ്പൽ ബിൽഡിങ്" പൊളിച്ചു
റിയാദ്: ജിദ്ദയിലെ പ്രസിദ്ധമായ "കപ്പൽ ബിൽഡിങ്" പൊളിച്ചു. നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെട്ടിടം പൊളിച്ച് മാറ്റാൻ അധികൃതർ ഉത്തരവിട്ടത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് റോഡിലെ "കപ്പൽ ബിൽഡിങ്" എന്നറിയപ്പെടുന്ന കെട്ടിടം നിരവധി ലംഘനങ്ങൾ മൂലവും ആവശ്യമായ നിയമപരമായ പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതും കാരണം പൊളിക്കാൻ ഉത്തരവിടുകയായിരുന്നുവെന്ന് ജിദ്ദ മേയർ അറിയിച്ചു.
പതിനെട്ട് വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും മാസങ്ങൾ മാത്രമാണ് പ്രവർത്തിപ്പിച്ചത്. അറിയപ്പെടുന്ന ബിസിനസ് പ്രമുഖൻ ഇവിടെ ഒന്നിലധികം റെസ്റ്റോറന്റുകൾ തുറക്കാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരെ കേസ് ഫയൽ ചെയ്‌തതിനെ തുടർന്ന് അറസ്‌റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ അദ്ദേഹം സഊദിയിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ ഇപ്പോഴും കേസ് നില നിൽക്കുന്നുണ്ട്. ഒരു നിക്ഷേപ സ്വത്തായിട്ടാണ് ഈ കെട്ടിടം നിർമ്മിച്ചതെങ്കിലും അത് തെളിയിക്കപ്പെട്ടിരുന്നില്ല.
ദീർഘകാലത്തേക്ക് ആവശ്യമായ പെർമിറ്റുകൾ നേടുന്നതിൽ ഉടമ പരാജയപ്പെട്ടതാണ് കെട്ടിടം പൊളിക്കുന്നതിലേക്ക് എത്തിച്ചത്. പാർക്കിംഗ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് ഉടമ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, ഇത് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."