വേലൂര്‍ മുത്തപ്പന്‍ വിട വാങ്ങി
എരുമപ്പെട്ടി: വേലൂര്‍ മുത്തപ്പനെന്ന് അറിയപ്പെട്ടിരുന്ന തയ്യൂര്‍ കടമാംതോട്ടില്‍ ചാത്തപ്പന്‍ വിട വാങ്ങി. നാടന്‍ പാട്ട്കാരനും ബാലചികിത്സകനുമായ ചാത്തപ്പന്‍ 107 ാം വയസിലാണ് വിടവാങ്ങിയത്.
ഭഗവതിക്കാവുകളിലും മലവാഴിയാട്ട അരങ്ങുകളിലും മൂക്കന്‍ ചാത്തനായും വേഷപകര്‍ച്ച നടത്തിയിരുന്ന ചാത്തപ്പന്‍ വാമൊഴിയായി പകര്‍ന്ന് കിട്ടിയ നാടന്‍പാട്ടുകളുടെ ഈണം സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു. വേലൂര്‍ ഗ്രാമത്തിലെ പൈതങ്ങളുടെ പേടി ഊതി മാറ്റിയിരുന്ന മുത്തപ്പന്‍ അപൂര്‍വ്വ നാട്ട്മരുന്നുകളറിയുന്ന ബാല ചികിത്സകന്‍കൂടിയായിരുന്നു. മരണം വരെ ഓര്‍മയ്ക്കും കാഴ്ചയ്ക്കും മങ്ങലേല്‍ക്കാത്ത മുത്തപ്പന്‍ കിഴക്ക് വെള്ളകീറുന്നതിന് മുമ്പെ ഉണര്‍ന്ന് പഴമയുടെ ഓര്‍മപ്പെടുത്തലായ കമ്പി റാന്തലും കൈകളിലേന്തി നാട്ടടവഴികളിലൂടെ സഞ്ചരിച്ചിരുന്നു. പരിഷ്‌കാരമെത്താത്ത ചെമ്മണ്‍ വഴികളിലൂടെ ഒറ്റയടി വെച്ചിരുന്ന മുത്തപ്പന്‍ മരങ്ങളോടും പുല്‍ചെടികളോടും കുശലം പറഞ്ഞിരുന്ന പ്രകൃതി സ്‌നേഹിയായിരുന്നു.
ബാല്യവും യൗവ്വനവും വാര്‍ധക്യവും സമൂഹത്തിനായി ജീവിച്ച് തീര്‍ത്ത ഈ മനുഷ്യ സ്‌നേഹിയെ കുറിച്ച് വേലൂര്‍ ഇഫ് ക്രിയേഷന്‍ നിര്‍മിച്ച വേലൂര്‍ മുത്തപ്പനെന്ന ഹ്രസ്വ ചിത്രം ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതുല്യ പ്രതിഭയായ വേലൂര്‍ മുത്തപ്പനോടൊപ്പം മണ്‍മറഞ്ഞത് ലിപിയില്ലാത്ത നാടന്‍പാട്ടുകളും അപൂര്‍വമായ നാടന്‍ വൈദ്യത്തിന്റെ പച്ചില കൂട്ടുകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."