കണ്ണില്‍ മുളകരച്ചു, വന്നവരെല്ലാം മാറിമാറി തല്ലി, കൊല്ലാന്‍ വേണ്ടി തന്നെയാണ് മര്‍ദ്ദിച്ചത്- നെടുങ്കണ്ടം പീഢനത്തിന്റെ കഥ പുറത്തു വിട്ട് ശാലിനി
ഇടുക്കി: രാജ്കുമാറിനും തനിക്കും അതിക്രൂരമായ പീഡനമാണ് പൊലിസുകാരില്‍ നിന്നുണ്ടായതെന്ന് വെളിപ്പെടുത്തി നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ശാലിനി. ഒമ്പത് പൊലിസുകാരാണ് മര്‍ദ്ദിച്ചതെന്നും കൊല്ലാന്‍ വേണ്ടിത്തന്നെയുള്ള പീഡനമായിരുന്നെന്നും ശാലിനി പറഞ്ഞു. ഈ പൊലിസുകാരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ഹരിത ഫിനാന്‍സ് ഉടമയായ ശാലിനി കൂട്ടിച്ചേര്‍ത്തു.
'വരുന്ന പൊലീസുകാരെല്ലാവരും തല്ലി. ചോര പുരണ്ട മുണ്ടുടുത്ത് രാജ്കുമാര്‍ കരയുകയായിരുന്നു. രാജ്കുമാറിന്റെ കണ്ണില്‍ എസ്.ഐ പച്ചമുളക് ഞെരടി. ഗീതു, റസിയ എന്നീ പൊലിസുകാരികള്‍ എന്നെ അടിച്ചു. ഗീതു എന്ന പൊലിസുകാരി എന്റെ രഹസ്യഭാഗത്ത് പച്ചമുളക് അരച്ചൊഴിച്ചു' ശാലിനി പറഞ്ഞു.
തങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും വാദം ശരിയല്ലെന്നും അവര്‍ക്ക് ഇക്കാര്യങ്ങള്‍ അറിയാമായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നത് കേട്ടുവെന്നും ശാലിനി പറഞ്ഞു.
പണത്തിന് വേണ്ടിയാണ് ക്രൂരമായ മര്‍ദ്ദനമുണ്ടായതെന്നും ശാലിനി ആരോപിച്ചു. ഷുക്കൂര്‍ എന്ന പൊലിസുകാരന്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. മുമ്പ് എസ്.ഐ സാബു 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാനിരിക്കെയാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. നാട്ടുകാര്‍ രാജ്കുമാറിനെ മര്‍ദ്ദിച്ചിരുന്നെങ്കിലും അതൊരിക്കലും മരണത്തിലേക്ക് നയിക്കുന്ന പീഡനമായിരുന്നില്ല. തട്ടിപ്പ് നടത്തി എന്ന് പറയപ്പെടുന്ന ഒരാളെ മര്‍ദ്ദിക്കും പോലെ ജനം ഉപദ്രവിച്ചിരുന്നു. എന്നാല്‍, പൊലിസുകാരുടെ മര്‍ദ്ദനം കൊല്ലാന്‍ വേണ്ടിത്തന്നെയായിരുന്നെന്നും ശാലിനി പറഞ്ഞു.
രാജ്കുമാറിനെ എസ്.ഐ മര്‍ദ്ദിക്കുന്നത് കണ്ടെന്ന് രാജ്കുമാറിന്റെ ഡ്രൈവര്‍ അജിമോന്‍ നേരത്തേ പൊലിസിനോടു പറഞ്ഞിരുന്നു.
കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലിസുകാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."