ബലാത്സംഗക്കേസില്‍ വാദി പ്രതിയായി; വനിതാ കമ്മിഷന്‍ വെട്ടിലായി
കൊച്ചി: വനിതാകമ്മിഷന്‍ അദാലത്തില്‍ പീഡനക്കേസ് പരിഗണിച്ചപ്പോള്‍ വാദി പ്രതിയായി. മൂവാറ്റുപുഴ സ്വദേശിനിയായ 31 കാരിയുടെ മാതാവാണ് മകളെ ഡ്രൈവിങ് പഠിപ്പിക്കാനെന്ന വ്യാജേന 25കാരന്‍ ബലാത്സംഗം ചെയ്‌തെന്നു പരാതി നല്‍കിയത്.
ഇരയായ മകളാണ് കമ്മിഷന്‍ അധ്യക്ഷ മുന്‍പാകെ ഹാജരായത്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇവര്‍ ആവര്‍ത്തിച്ചു. അസുഖമായതിനാലാണ് അമ്മ വരാതിരുന്നതെന്നും പറഞ്ഞു. 2017 ഡിസംബറിലാണ് സംഭവം. മൂന്നാറിലെ ഒരു കടയില്‍വച്ചാണ് തന്നെ യുവാവ് ബലാത്സംഗം ചെയ്തതെന്നും ബാത്ത്‌റൂമിന്റെ ഡോര്‍ തള്ളിത്തുറന്നായിരുന്നു പീഡനമെന്നും ഇവര്‍ പറഞ്ഞു. അപ്പോള്‍ എന്തുകൊണ്ട് പൊലിസില്‍ പരാതിപ്പെട്ടില്ലെന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല.
പീഡിപ്പിച്ച യുവാവിനൊപ്പം ഇരുചക്രവാഹനത്തിലാണ് തിരിച്ച് വീട്ടിലെത്തിയതെന്നും യുവതി പറഞ്ഞു. യുവാവ് 10,000 രൂപയും അഞ്ചു പവന്റെ സ്വര്‍ണമാലയും കൈപ്പറ്റിയിട്ടുണ്ടെന്നും ഇത് തിരികെ വാങ്ങിത്തരണമെന്നും യുവതി ആവശ്യപ്പെട്ടു. യുവാവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്.
മൂവാറ്റുപുഴയില്‍ വര്‍ക്‌ഷോപ്പില്‍ ജോലിക്കെത്തിയ തന്നെ ഡ്രൈവിങ്ങ് പഠിപ്പിക്കണമെന്നാവശ്യപ്പെട്ടു. പതിനായിരം രൂപയും ഫീസായി നല്‍കി. രണ്ടാഴ്ചക്കുശേഷം മൂന്നാറില്‍ ഒരു ഉന്നത പരീക്ഷയെഴുതാന്‍ ബൈക്കില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടു. മൂന്നാറില്‍ എത്തിയപ്പോള്‍ പരീക്ഷയുടെ സമയം കഴിഞ്ഞെന്നായി. പരീക്ഷ എഴുതിയില്ലെന്ന് അറിഞ്ഞാല്‍ അമ്മ വഴക്കുപറയുമെന്നും റൂമെടുത്ത് വിശ്രമിച്ച ശേഷം പോകാമെന്നും പറഞ്ഞു.
നാലായിരത്തോളം രൂപനല്‍കിയാണ് ഹോട്ടലില്‍ റൂമെടുത്തത്. തന്റെ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കോപ്പിയാണ് ഹോട്ടലില്‍ രേഖയായി നല്‍കിയത്. തന്നെ പ്രലോഭിപ്പിച്ച് നിര്‍ബന്ധപൂര്‍വം ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. പിന്നീട് വര്‍ക്‌ഷോപ്പിലെത്തി ഫീസ് തിരികെ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗം ചെയ്‌തെന്ന് എല്ലാവരോടും പറയുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു പവന്റെ സ്വര്‍ണമാല ഊരി നല്‍കി. വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തി 75,000 രൂപ തരണമെന്നാവശ്യപ്പെട്ടെന്നും യുവാവ് പൊട്ടിക്കരഞ്ഞ് പറഞ്ഞു.
എന്നാല്‍ നടപടിയെടുക്കാന്‍ കഴിയാതെ കേസ് പൊലിസിന് കൈമാറുകയായിരുന്നു. ഇത്തരത്തില്‍ ഒരുകേസ് കമ്മിഷന്‍ മുന്‍പാകെ എത്തുന്നത് ആദ്യമായാണെന്ന് വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."