ശരവണഭവന്‍ ഉടമ രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങി
ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ശരവണ ഭവന്‍ ഉടമ പി. രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങി. രാജഗോപാലിനോട് എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്.
ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ ഇയാള്‍ വീല്‍ചെയറിലാണ് കോടതി മുറിയിലെത്തിയത്. ചികിത്സ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പുഴല്‍ ജയിലിലേക്ക് അയക്കാന്‍ കോടതി ഉത്തരവിട്ടു.
ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ ഇന്നലെ സുപ്രിംകോടതി നിരസിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലെത്തി കീഴടങ്ങിയത്. ജസ്റ്റിസുമാരായ എന്‍.വി രമണ, എം.മോഹന്‍ ശാന്തനഗൗഡര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നത്.
ഭാര്യയെ തട്ടിയെടുക്കാന്‍ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലാണ് രാജഗോപാലിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ശരവണഭവനിലെ ജീവനക്കാരനായിരുന്ന പ്രിന്‍സ് ശാന്തകുമാറിനെ കൊലപ്പെടുത്തിയതാണ് രാജഗോപാലിനെതിരായ കേസ്. ശാന്തകുമാറിന്റെ ഭാര്യ ജീവജ്യോതിയെ വിവാഹം കഴിക്കാനായിരുന്നു കൊലപാതകം. ശരവണഭവനിലെ തന്നെ മറ്റൊരു ജീവനക്കാരനായ രാമസ്വാമിയുടെ മകളായിരുന്നു ജീവജ്യോതി. രാജഗോപാലിനെ വിവാഹം ചെയ്യാന്‍ ജീവജ്യോതി സമ്മതിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് രാജഗോപാല്‍ മറ്റു പ്രതികളുമായി ചേര്‍ന്ന് ശാന്തകുമാറിനെ കൊലപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."