കിണറും ടാങ്കും നോക്കുകുത്തി; ചെമ്മാനം നിവാസികള്‍ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നു
വണ്ടൂര്‍: ജലസമൃദ്ധമായ കിണറും ടാങ്കും ഉണ്ടായിട്ടും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് വാണിയമ്പലം തച്ചംകോട് ചെമ്മാനം നിവാസികള്‍. അറ്റകുറ്റപ്പണികള്‍ വേണ്ട സമയങ്ങളില്‍ നടക്കാതെ പോയതാണ് പ്രദേശത്ത് 20 വര്‍ഷം മുന്‍പ് നിര്‍മിച്ച കുടിവെള്ള പദ്ധതി നോക്കുകുത്തിയാകാന്‍ കാരണം.
പ്രദേശത്തെ അറുപതോളം കുടുംബങ്ങളാണ് ഇപ്പോള്‍ കുടിവെള്ളത്തിനായി പ്രയാസമനുഭവിക്കുന്നത്. രൂക്ഷമായ വരള്‍ച്ചയിലും ജലസമൃദ്ധി കൊണ്ട് സമ്പന്നമാണ് ഇവിടുത്തെ കിണര്‍. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കിണറുണ്ടാക്കിയതും പമ്പ് ഹൗസും,പതിനായിരം ലിറ്റര്‍ ശേഷിയുള്ള ടാങ്കും നിര്‍മിച്ചതും. പ്രദേശത്തെ കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കാനായി വിവിധയിടങ്ങളില്‍ ടാപ്പുകളും സ്ഥാപിച്ചു. അഞ്ച് വര്‍ഷക്കാലം നല്ല രീതിയില്‍ പദ്ധതി പ്രയോജനപ്പെട്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടക്കാത്തതോടെ വെള്ള വിതരണം മുടങ്ങി. ഇടക്ക പഞ്ചായത്ത് തുക അനുവദിച്ച് കേടുവന്ന മോട്ടോര്‍ നന്നാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഫണ്ടുകളുടെ അപര്യാപ്തത കാരണം പദ്ധതി നിലച്ചു. പിന്നീട് രണ്ട് വര്‍ഷം മുന്‍പ് ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി അനുവദി ച്ചിരുന്നു. ഈ പ്രവര്‍ത്തനത്തിനായി ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചെങ്കിലും പണിയുടെ കരാര്‍വയ്ക്കാന്‍ നീണ്ടുപോയതിനാല്‍ ഫണ്ട് നഷ്ട്ടപ്പെട്ടു.
കഴിഞ്ഞ രണ്ട് മാസമായി കടുത്ത ജലക്ഷാമമാണ് പ്രദേശവാസികള്‍ നേരിടുന്നത്. പൊതു കിണറില്‍ വെള്ളമുണ്ടെങ്കിലും ഇവിടെ കുളിക്കാനും മറ്റ് ആവിശ്യങ്ങള്‍ക്കും സൗകര്യമില്ല. കിണറിന് ചുറ്റും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളായതിനാല്‍ ഈ കിണറിനടുത്തെത്തി വെള്ളമെടുക്കാനും പരിമിതികളുണ്ട്. കുടിക്കാനുള്ള വെള്ളം പലരും പണം നല്‍കി വാങ്ങുകയും ചിലര്‍ സമീപ പ്രദേശങ്ങളില്‍ നിന്നെടുത്ത് വീടുകളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. പദ്ധതിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ ഫണ്ട് പഞ്ചായത്ത് അധികൃതര്‍ അനുവദിക്കണമെന്ന് ഗ്രാമസഭാ യോഗത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."