പണം നല്‍കിയാല്‍ നിരീക്ഷണം. പൊലിസ് ആസ്ഥാനത്ത് 'സ്വകാര്യ' കണ്‍ട്രോള്‍ റൂം വരുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലിസ് ആസ്ഥാനത്ത് സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ കണ്‍ട്രോള്‍ റൂം വരുന്നു. പണം നല്‍കിയാല്‍ 24 മണിക്കൂറും വീടുകളും ഓഫിസുകളുമെല്ലാം പുതിയ കണ്‍ട്രോള്‍ റൂമിലൂടെ നിരീക്ഷിക്കാനാണ് പദ്ധതി. അതേസമയം സമാന്തര നിരീക്ഷണ രീതിക്കെതിരേ സേനക്കുള്ളില്‍ എതിര്‍പ്പും ഉയരുന്നുണ്ട്.
സുരക്ഷ ഉറപ്പാക്കാന്‍ കെല്‍ട്രോണിന് മുന്‍കൂട്ടി പണം നല്‍കുന്നവരുടെ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ സി.സി.ടി.വി കാമറകള്‍ വഴി ഈ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. മോഷണമോ, തീപിടിത്തമോ ഉണ്ടായാല്‍ സമാന്തര കണ്‍ട്രോള്‍ റൂമിലുള്ള ജീവനക്കാര്‍ പൊലിസിന് വിവരം കൈമാറുകയും ചെയ്യും.
കെല്‍ട്രോണിനാണ് പുതിയ കണ്‍ട്രോള്‍ റൂമിന്റെ മേല്‍നോട്ടം. കെല്‍ട്രോണ്‍ ഉപകരാര്‍ നല്‍കുന്ന സ്വകാര്യ കമ്പനിയായിരിക്കും കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുകയും സ്ഥാപനങ്ങളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുകയും ചെയ്യുക. കണ്‍ട്രോള്‍ റൂമില്‍ പൊലിസുകാരല്ല, കെല്‍ട്രോണ്‍ നിയോഗിക്കുന്ന ജീവനക്കാരാകും കാമറകള്‍ നിരീക്ഷിക്കുക. കെല്‍ട്രോണിന് കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം പൊലിസിനും നല്‍കണമെന്നാണ് വ്യവസ്ഥ.
ഒരു മുതല്‍മുടക്കുമില്ലാതെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് പൊലിസ് പറയുന്ന നേട്ടം. കുറ്റകൃത്യങ്ങള്‍ തടയാനാകുന്നതും മറ്റൊരു നേട്ടമായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പൊലിസിന്റെ ജോലി പുറം കരാര്‍ നല്‍കുന്നുവെന്നാണ് സമാന്തര കണ്‍ട്രോള്‍ റൂമിനെ എതിര്‍ക്കുന്ന സേനയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. പൊലിസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് 24മണിക്കൂറും ഇടം നല്‍കുന്നത് തന്നെ സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."