ഇറച്ചിക്കോഴിയും അടുക്കള ഒഴിയുന്നു
മാനന്തവാടി: അവശ്യ സാധനങ്ങളുടെ വില വര്‍ധനവില്‍ നട്ടല്ലൊടിഞ്ഞ ജനത്തിന് ഇരുട്ടടിയായി ഇറച്ചിക്കോഴി വില സര്‍വ്വകാല റെക്കോഡിലേക്ക്. 220, 230 രൂപ നിരക്കിലാണ് കഴിഞ്ഞദിവസം ജില്ലയില്‍ ഇറച്ചിക്കോഴി വില്‍പന നടന്നത്. ഒരാഴ്ച മുന്‍പുവരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 140 മുതല്‍ 170 രൂപ വരെയായിരുന്നു വില.
വയനാട്ടില്‍ ആദ്യമായാണ് ഇത്രയും വില വര്‍ധനവുണ്ടാവുന്നത്. ജില്ലയിലെ നിലവിലുണ്ടായിരുന്ന പല കോഴി ഫാമുകളും ജലക്ഷാമത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയതോടെയാണ് ജില്ലയില്‍ ഇറച്ചിക്കോഴിയുടെ ഡിമാന്‍ഡ് വര്‍ധിച്ചത്.
അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും ജലക്ഷാമത്തെത്തുടര്‍ന്ന് കോഴി ഉല്‍പ്പാദനം കുറയുകയും ചെയ്തിരുന്നു. ജില്ലയിലേക്ക് കോഴികളെ കൊണ്ടുവരുന്നത് വന്‍തോതില്‍ കുറഞ്ഞതും ജില്ലയിലെ ഫാമുകളില്‍ നിന്നുള്ള ഉല്‍പ്പാദനം കുറയുകയും ചെയ്തതാണ് കോഴിയിറച്ചി വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. അതിനിടെ വയനാട് ജില്ലയിലെ 30 ശതമാനത്തിലേറെ കോഴി ഫാമുകള്‍ ജലക്ഷാമത്തെത്തുടര്‍ന്ന് അടച്ചുപൂട്ടി. മാനന്തവാടിയിലും പരിസരത്തുമായി ഉണ്ടായിരുന്ന ഫാമുകളില്‍ ഭൂരിപക്ഷവും അടച്ചുപൂട്ടി.
ഫാമുകളില്‍ നിലവിലുണ്ടായിരുന്നു കോഴികളെ വിറ്റഴിച്ച് അടച്ചിട്ടതോടെ മാര്‍ക്കറ്റില്‍ കോഴി ലഭ്യമല്ലാതാവുകയായിരുന്നു. അടുത്ത മാസം ആദ്യമെങ്കിലും കാലവര്‍ഷം എത്തിയില്ലെങ്കില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഫാമുകളും പൂട്ടേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."