'ഷാര്‍പ്പ് 1440': എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാംപുകള്‍ക്ക് തുടക്കമായി
മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി തയാറാക്കിയ ആറു മാസ കര്‍മ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി 'ഷാര്‍പ്പ് 1440' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ്.വൈ.എസ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാംപുകള്‍ക്ക് മലപ്പുറത്ത് തുടക്കമായി. എസ്.വൈ.എസ് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് ബി.എസ്.കെ തങ്ങള്‍, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി പ്രസംഗിച്ചു.
ഒക്ടോബര്‍ 13ന് കാസര്‍കോട്, കൊടക് ജില്ലകളിലും 14ന് തിരുവനന്തപുരം, നീലഗിരി ജില്ലകളിലും 15ന് കണ്ണൂരിലും 17ന് ഇടുക്കിയിലും 19ന് ആലപ്പുഴയിലും ക്യാംപ് നടക്കും. 20ന് വയനാട്, എറണാകുളം ജില്ലകളിലും, 24ന് തൃശൂരിലും 27ന് പാലക്കാടും 28ന് കൊല്ലത്തും ജില്ലാ എക്‌സിക്യൂട്ടീവ് ക്യാംപുകള്‍ നടക്കും. അദാലത്താനന്തര പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ക്രമീകരിക്കുകയും പ്രവര്‍ത്തകരില്‍ ആദര്‍ശ ബോധം, ആത്മീയ ശീലം, ശാസ്ത്രീയ സംഘാടനം എന്നിവയില്‍ പ്രത്യേക ഊന്നലുകള്‍ നല്‍കി അച്ചടക്കവും പ്രാസ്ഥാനിക പ്രതിബദ്ധതയുമുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പുതിയ കര്‍മപദ്ധതി കൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.
കര്‍മപദ്ധതി നടപ്പിലാകുന്നതോടെ അഹ്‌ലുസ്സുന്ന പാഠശാല, സംഘടനാ സ്‌കൂള്‍, ആമില, മജ്‌ലിസുന്നൂര്‍ എന്നിവയുടെ പ്രവര്‍ത്തനം വ്യവസ്ഥാപിതമായി സജീവമാകും. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ നാലുവരെ മണ്ഡലം ഭാരവാഹികള്‍, പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ഉപസമിതി അംഗങ്ങള്‍, പഞ്ചായത്ത് യൂനിറ്റ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ആമില അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ട് സംസ്ഥാനത്ത് 'ഇന്‍തിസാബ് 1440' എന്ന ശീര്‍ഷകത്തില്‍ മണ്ഡലം ക്യാംപുകള്‍ നടത്തും.
'മുഹമ്മദ് നബി (സ) അനുപമ വ്യക്തിത്വം' എന്ന പ്രമേയത്തില്‍ നവംബര്‍ ഏഴിന് സംസ്ഥാനതല റബീഅ് കാംപയിനിന്റെ ഉദ്ഘാടനം നടക്കും. കാംപയിനിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ റാലി, സെമിനാര്‍, മണ്ഡലം- മേഖല തലങ്ങളില്‍ മീലാദ് റാലി, ടേബിള്‍ ടോക്ക്, മെഹ്ഫിലെ അഹ്‌ലുബൈത്ത്, പഞ്ചായത്ത് തലത്തില്‍ മീലാദ് റാലി, സന്ദേശ ജാഥ, മൗലിദ് മുസാബഖ എന്നിവയും യൂനിറ്റ് തലങ്ങളില്‍ പ്രമേയ പ്രഭാഷണം, മെഹ്മാനെ മൗലിദ് എന്നിവയും നടക്കും. ഡിസംബറില്‍ അഹലുസ്സുന്ന പാഠശാല ആര്‍.പി മീറ്റ്, സംഘടനാ സ്‌കൂള്‍ ആര്‍.പി മീറ്റ്, ആമില വഫ്ദ് സജീവമാക്കല്‍, നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആമില ജില്ലാ ക്യാംപ്, ഉറവ പദ്ധതി സജീവമാക്കല്‍ എന്നിവ നടക്കും.
ജനുവരി അഞ്ചിന് മജ്‌ലിസുന്നൂര്‍ സംസ്ഥാന സംഗമം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കും. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ യൂനിറ്റ് അമീറും കണ്‍വീനറും സെക്രട്ടറിയും പങ്കെടുക്കും. ജനുവരി 25ന് 'ഭരണഘടന സ്വത്വവും സത്യവും' എന്ന ശീര്‍ഷകത്തില്‍ ജില്ലാതല സെമിനാര്‍ നടക്കും. മാര്‍ച്ച് മാസത്തില്‍ സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാനുള്ള ക്യാംപ് നടക്കും. റജബ് മാസത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഉള്‍കൊള്ളുന്നതിനാല്‍ പ്രത്യേക ആത്മീയ സംഗമങ്ങളും ബോധവല്‍ക്കരണ ക്യാംപുകളും ശാഖാ തലങ്ങളില്‍ മാര്‍ച്ച് മാസത്തില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."