കൈക്കരുത്ത് കാട്ടാന്‍ അഷ്‌കര്‍ അലി
തുടര്‍ച്ചയായ നാലുതവണ ദേശീയ ചാംപ്യനായ അഷ്‌കര്‍ അലി, മാങ്ങാട്ടൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ നിന്ന് പഞ്ചഗുസ്തിയുടെ ലോകത്ത് 'കൈ എടുത്ത്' വയ്ക്കുമ്പോള്‍ എല്ലാം പുതുമയായിരുന്നു. കാരണം കുടുംബത്തിലോ, നാട്ടിലോ പഞ്ചഗുസ്തി പ്രഫഷണലാക്കിയവര്‍ ആരും ഇല്ലായിരുന്നു. എന്നാല്‍ ആദ്യമായി പങ്കെടുത്ത മത്സരത്തില്‍ തന്നെ വിജയം നേടിയെടുക്കാന്‍ അഷ്‌കറിന് സാധിച്ചു.
ഏറെ തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാതെ തനിക്ക് വിജയിക്കാന്‍ സാധിച്ചുവെങ്കില്‍ പഞ്ചഗുസ്തി ആണ് തന്റെ വഴി എന്ന് അഷ്‌കര്‍ ചെറു പ്രായത്തില്‍ തന്നെ തിരിച്ചറിഞ്ഞു. ആദ്യ പരിശീലകന്‍ സാബിര്‍ അലിയുടെ കീഴില്‍ പഞ്ചഗുസ്തിയുടെ വിജയപാഠങ്ങള്‍ അറിഞ്ഞ അഷ്‌കര്‍ അലി വിജയങ്ങള്‍ പതിയെ ശീലമാക്കി മാറ്റുകയായിരുന്നു.
2016 ല്‍ ജൂനിയര്‍ പഞ്ചഗുസ്തിയില്‍ 80 കിലോ ഗ്രാം വിഭാഗത്തില്‍ ജില്ലയിലും സംസ്ഥാനത്തിലും സ്വര്‍ണം നേടിയ അഷ്‌കര്‍ അലി റായ്പൂരില്‍ നടന്ന തന്റെ ആദ്യ ദേശീയ അരങ്ങേറ്റത്തില്‍ തന്നെ വെള്ളി മെഡല്‍ നേടി വരവറിയിച്ചു.
തൊട്ടടുത്ത വര്‍ഷം ഇതേ വിഭാഗത്തില്‍ ജില്ലാതലത്തില്‍ സ്വര്‍ണം നേടി, ഒപ്പം ചാംപ്യന്‍ ഓഫ് ചാംപ്യന്‍ പട്ടവും കരസ്ഥമാക്കിയ അഷ്‌കര്‍ സംസ്ഥാനതലത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ സ്വര്‍ണം കൈപ്പിടിയില്‍ ഒതുക്കി. ഡല്‍ഹിയില്‍ നടന്ന 2017 ദേശീയ പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ സ്വര്‍ണവും ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിയും നേടിയ അഷ്‌കര്‍ ഇത്തവണ ലോക ചാംപ്യന്‍ഷിപ്പിന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2018ല്‍ ലഖ്‌നൗവില്‍ നടന്ന ദേശീയ സീനിയര്‍ വിഭാഗം 75 കിലോ ഗ്രാം ഇനത്തില്‍ മല്‍സരിക്കാനിറങ്ങിയ അഷ്‌കര്‍ സ്വര്‍ണം നേടി തുര്‍ക്കിയില്‍ നടന്ന ആ വര്‍ഷത്തെ ലോകപഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പിന് വീണ്ടും യോഗ്യത നേടി.
സ്ഥിരതയാര്‍ന്ന കരിയര്‍ ഗ്രാഫ്
അഷ്‌കറിന്റെ കരിയര്‍ ഗ്രാഫ് പറയുന്നതു പോലെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് മറ്റു പഞ്ചഗുസ്തി താരങ്ങളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഇത് കൂടാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും, ഇന്ത്യക്ക് പുറത്തും നടക്കുന്ന നിരവധി ഓപ്പണ്‍ ചാംപ്യന്‍ഷിപ്പുകളിലും അഷ്‌കര്‍ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ലോക ഓപ്പണ്‍ വേള്‍ഡ് പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടാനും അഷ്‌കറിന് സാധിച്ചിട്ടുണ്ട്. എതിരാളിയുടെ കൈക്കരുത്തിനെയും ഒപ്പം മനക്കരുത്തിനെയും ഒരേസമയം അതിജയിച്ച് വിജയം കണ്ടെത്തുന്ന അഷ്‌കറിന്റെ ശൈലി പഞ്ചഗുസ്തി അരാധകര്‍ക്കിടയില്‍ എറെ പ്രിയം നിറഞ്ഞതാണ്.
പരിശീലന മികവ്
കൃത്യവും ചിട്ടയാര്‍ന്നതുമായ പരിശീലനത്തില്‍ കൂടി മത്സരത്തില്‍ ഇറങ്ങാന്‍ തന്നെ പ്രാപ്തനാക്കുന്നതിന്റെ ക്രെഡിറ്റ് മുഴുവനും നിലവിലെ പരിശീലകനായ ഫെബിന്‍ ലൈഫ്‌ലൈന്‍ ഏടപ്പാളിനുള്ളതാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഫെബിനു കീഴിലാണ് അഷ്‌കര്‍ പരിശീലനം നടത്തുന്നത്. അഷ്‌കര്‍ എന്ന ലോക നിലവാരമുള്ള പ്രഫഷണല്‍ പഞ്ചഗുസ്തി താരത്തെ വാര്‍ത്തെടുക്കുന്നതില്‍ ഫെബിന്‍ എന്ന പരിശീലകന്റെ സ്വാധീനം ഏറെ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. 'എനിക്ക് ഒരുപാട് പോരായ്മകള്‍ ഉണ്ടായിരുന്നു, മല്‍സരങ്ങള്‍ക്കിടയില്‍ വീഴ്ച വരുത്തുന്ന വലിയ തെറ്റുകളായിരുന്നു അവ, എന്നാല്‍ ഫെബിന്‍ സാര്‍ അത് മനസിലാക്കി എന്നെ പരിശീലിപ്പിച്ചു. ആ മാറ്റങ്ങള്‍ ആണ് പിന്നീട് എന്റെ വിജയത്തിന്റെ കാരണങ്ങളായത്'- അഷ്‌കര്‍ പറയുന്നു. ഫെബിനെ കൂടാതെ ആശിഖ് ലൈഫ്‌ലൈന്‍ താനൂരും അഷ്‌കറിന് പരിശീലനം നല്‍കിയിരുന്നു.
പരിശീലകര്‍ക്കും അഷ്‌കറിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമാണ്. അഷ്‌കര്‍ പൂര്‍ണമായും അവനെ പഞ്ചഗുസ്തിക്കായിട്ട് സമര്‍പ്പിച്ചിരിക്കുകയാണ്, ട്രെയിനിങിന്റെ കാര്യത്തിലും, ജിമ്മിലെ പരിശീലനത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല, അതുതന്നെയാണ് അവന്റെ വിജയരഹസ്യവും,' പരിശീലകര്‍ ഒരേ സ്വരത്തില്‍ പറയുന്നു.
വേണം പിന്തുണ
ഇതിന്‍ മുന്‍പ് തുടര്‍ച്ചയായ മൂന്നു തവണയാണ് ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പില്‍ അഷ്‌കര്‍ അലി യോഗ്യത നേടിയിരുന്നത്. എന്നാല്‍ സാമ്പത്തിക ചിലവ് അടക്കം പല കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പഞ്ചഗുസ്തി പ്രഫഷണല്‍ ആയി കാണുന്ന ഏതൊരു താരത്തിന്റെയും സ്വപ്നമായ ലോക ചാംപ്യന്‍ഷിപ്പിന്റെ വേദി മൂന്നു തവണ തന്റെ കൈയ്യെത്തും ദൂരത്തുനിന്നു നഷ്ട്മായപ്പോഴും ഈ താരം തളരാനോ പിന്തിരിയാനോ ഒരുക്കമായിരുന്നില്ല. മറിച്ച് നഷ്ടമായ അവസരങ്ങള്‍ ഊര്‍ജ്ജമാക്കി വീണ്ടും പൊരുതാനിറങ്ങിയതിന്റെ ഫലമാണ് അഷ്‌കര്‍ അലിക്ക് നാലാം തവണയും ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത ലഭിച്ചത്.
'ഇന്ത്യക്കായി ഒരു സ്വര്‍ണം, അതെന്റെ മനോഹരമായ സ്വപ്നങ്ങളില്‍ ഒന്നാണ്, അതിനാണ് ഞാന്‍ ഒരുങ്ങുന്നത്, ദൈവം സഹായിച്ചാല്‍ ഇത്തവണ ഞാന്‍ അത് നേടും'- ഉറച്ച സ്വരത്തോടെ അഷ്‌കര്‍ പറയുന്നു. എടപ്പാളിലെ ലൈഫ്‌ലൈന്‍ ജിമ്മില്‍ അഷ്‌കര്‍ കഠിനമായ പരിശീലനത്തിലാണ്. ഒപ്പം മെച്ചപ്പെട്ട ഒരു സ്‌പോണ്‍സര്‍ഷിപ്പ് തന്നെ തേടിയെത്തുമെന്ന
പ്രതീക്ഷയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."