28 വർഷത്തെ കാത്തിരിപ്പ്; സിസ്റ്റർ അഭയ കൊലക്കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: പ്രമാദമായ സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി വിധി ഇന്ന്. 28 വർഷത്തിന് ശേഷമാണ് രണ്ട് വൈദികർ പ്രതികളായ കേസിൽ കോടതി വിധി പറയുന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി രാവിലെ 11ന് കേസ് പരിഗണിക്കും.
ഒരു വർഷത്തിന് മുൻപേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
1992 മാർച്ച് 27നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സി.ബി.ഐ. അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി.സി.എം കോളേജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദർ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെൻത് കോൺവെൻറ് ഹോസ്റ്റലിലെ താൽക്കാലിക ചുമതലക്കാരി സിസ്റ്റർ സെഫിയുമാണ് കേസിൽ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദർ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സി.ബി.ഐ. ആശ്രയിച്ചത്.
പയസ് ടെൻത് കോൺവെന്റ് ഹോസ്റ്റലിൽ പ്രതികൾ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി.ബി.ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കയറി കൊലപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ഒരു വർഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബർ 10നാണ് പൂർത്തിയായത്.
വൈദികർ തന്നെ നടത്തിയ കൊലപാതകത്തിൽ കടുത്ത ശിക്ഷ നൽകണമെന്നായിരിക്കും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുക. എന്നാൽ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ദുർബലമെന്ന മുൻ വാദം പ്രതിഭാഗം ആവർത്തിക്കും.
തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി സനൽ കുമാറാണ് കേസിൽ വിധി പറയുക. പ്രോസിക്യൂഷനുവേണ്ടി സി.ബി.ഐ. പ്രോസിക്യൂട്ടർ എം. നവാസാണ് ഹാജരായിരുന്നത്.
ഒരു കന്യാസ്ത്രീയുടെ കൊലപാതകത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോൾ വരുന്ന വിധി രാജ്യമാകെ ഉറ്റുനോക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."