ന്യൂനമര്‍ദം ഇന്ന് ശക്തിപ്രാപിക്കും; കേരളത്തില്‍ മഴ ശക്തമാകും
കോഴിക്കോട്: തെക്കുകിഴക്ക് അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്ദത്തോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്ന് 7.6 കി.മി ഉയരത്തിലായി അന്തരീക്ഷച്ചുഴി രൂപപ്പെട്ടു.
ഇതിന്റെ സ്വാധീനം മൂലം ഇന്നു മുതല്‍ നാലു ദിവസം കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനാണ് സാധ്യത. ലക്ഷദ്വീപിനു സമീപമാണ് ഇപ്പോള്‍ ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നത്.
അടുത്ത 12 മണിക്കൂറില്‍ ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷറും 24 മണിക്കൂറിനിടെ വീണ്ടും ശക്തി പ്രാപിച്ച് ഡിപ്രഷനുമാകും. തുടര്‍ന്ന് വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ ഒമാന്‍ തീരം ലക്ഷ്യമാക്കി നീങ്ങും. ഈ യാത്രയില്‍ വീണ്ടും രണ്ടു തവണ ശക്തിപ്രാപിച്ച് ലുബാന് ചുഴലിക്കാറ്റായി മാറും. ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കേരളത്തില്‍ കനത്തമഴക്കും ശക്തിയേറിയ കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നു മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴക്കും ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ തീവ്രമഴക്കും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.
കേരള, ലക്ഷദ്വീപ് തീരത്ത് കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുകിഴക്കന്‍, മധ്യ മേഖലകളില്‍ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."