ജില്ലയില്‍ ശക്തമായ മഴ
കോഴിക്കോട്: ജില്ലയില്‍ വ്യാഴാഴ്ച രാത്രിയും ഇന്നലെ ഉച്ചയ്ക്കു ശേഷവും കനത്തമഴ ലഭിച്ചു. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ രാത്രിയിലും തുടര്‍ന്നു. മഴ ശക്തമായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിനു കക്കയം ഡാം തുറന്നു. വൃഷ്ടിപ്രദേശത്തു മഴ ശക്തമായതിനെ തുടര്‍ന്നാണു ഡാം തുറന്നത്. ആദ്യം ഡാമിന്റെ ഷട്ടര്‍ അര അടിയാണ് തുറന്നത്. നീരൊഴുക്ക് വീണ്ടും വര്‍ധിച്ചതിനെ തുടര്‍ന്ന് മൂന്നു മണിയോടെ ഷട്ടര്‍ ഒന്നര അടിയായി ഉയര്‍ത്തിയതായി ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കുറ്റ്യാടിപുഴയുടെ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
അതിനിടെ, കണ്ണപ്പന്‍കുണ്ടില്‍ ഇന്നലെ മലവെള്ളപ്പാച്ചിലുണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കി. ഇന്നലെ ഉച്ചയോടെ ഒഴുക്കുനിലച്ച തോട്ടിലാണ് മലവെള്ളം ഇരച്ചെത്തിയത്. തുടര്‍ന്ന് തോടിന്റെ സമീപത്തുള്ളവര്‍ ജാഗ്രത പാലിച്ചു. ഈ സമയത്ത് ഇവിടെ മഴയില്ലായിരുന്നു. രാവിലെ മുതല്‍ മഴയില്ലാതിരുന്നിട്ടും മലവെള്ളപ്പാച്ചിലുണ്ടായത് വനത്തില്‍ ഉരുള്‍പൊട്ടിയോ എന്ന ആശങ്ക പടര്‍ത്തി. എന്നാല്‍ ഈ സമയത്ത് വയനാട്ടില്‍ കനത്തമഴയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."