പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി: വികസനമില്ലാതെ മുരടിച്ച് കിടക്കുന്നു
പെരിന്തല്‍മണ്ണ: ഭൂമിശാസ്ത്ര പ്രകാരം ആശുപത്രിക്ക് അനുയോജ്യമായ സ്ഥലത്ത് ദീര്‍ഘവീക്ഷണത്തോടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി പരാജയമാണ്. പലയിടത്തും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ചെറുകെട്ടിടങ്ങള്‍ പിന്നീട് വികസനം മുടക്കികളാവുകയാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ ഉപയോഗിച്ചുപോന്നിരുന്ന ജനതാ പേ വാര്‍ഡുകള്‍ പലതും കാലഹരണപ്പെട്ടിട്ടുണ്ട്. ശസ്ത്രക്രിയക്ക് വിധേയരാവുന്നവര്‍ക്കും പ്രസവ സംബന്ധമായി ദിവസങ്ങളോളം ആശുപത്രിവാസം ആവശ്യമായവര്‍ക്കും ആശ്വാസമായിരുന്ന പേ വാര്‍ഡുകള്‍ ജില്ലാ ആശുപത്രിയില്‍ ഒന്‍പതു പേര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് അനുവദിച്ചുകിട്ടാന്‍ മന്ത്രിമാരുടെ കത്തുവരെ ആശുപത്രിയില്‍ എത്തിക്കേണ്ടതായിട്ടുണ്ട്. സര്‍ക്കാറിനു കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു ആശുപത്രികളില്‍ പേ വാര്‍ഡുകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍, പുതിയ പരിഷ്‌കാരത്തില്‍ പേ വാര്‍ഡുകള്‍ ഉണ്ടാക്കുകയോ, അറ്റകുറ്റപ്പണികള്‍ നടത്തുകയോ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ ജില്ലാ ആശുപത്രിയിലെ 20 പേര്‍ക്കു കിടക്കാവുന്ന പേ വാര്‍ഡ് കെട്ടിടങ്ങളും ഉപയോഗിക്കാനാവാതെ അടച്ചിട്ടിരിക്കുകയാണ്.
പലപ്പോഴും ഇതിനു പകരമായി വിവിധ ഫണ്ടുകളില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പഴയ പേ വാര്‍ഡ് വഴിമുടക്കികളാവുന്നുണ്ട്. ഇതേ തുടര്‍ന്ന് പുതുതായി വരുന്ന കെട്ടിടങ്ങള്‍ പലതും ആശുപത്രിയുടെ രോഗീപരിചരണം വേണ്ട രീതിയില്‍ ലഭ്യമാക്കുന്ന തരത്തിലല്ല. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ വരെ പലയിടത്താണ് കിടത്തുന്നത്. പഴയ കെട്ടിടങ്ങള്‍ക്കു മുകളില്‍ ഷീറ്റിട്ട് സ്ഥല സൗകര്യം ഒരുക്കിയെങ്കിലും പലയിടത്തും വൈദ്യുതി പോലും എത്തിയിട്ടില്ല. ജില്ലാ പഞ്ചായത്ത് 65ലക്ഷം രൂപ ഉപയോഗിച്ച് ന്യുസര്‍ജിക്കല്‍ വാര്‍ഡിനു മുകളില്‍ രോഗികളെ കിടത്താന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും കരാറില്‍ വൈദ്യുതി സ്ഥാപിക്കുന്നത് ഇല്ലെന്ന കാരണത്താല്‍ അവിടെ ഉപയോഗ്യമാക്കാനായിട്ടില്ല.നിലവിലുണ്ടായിരുന്ന പ്രസവവാര്‍ഡ് കെട്ടിടം നവീകരിച്ചാണ് മസ്തിഷ്‌കാഘാത യൂനിറ്റിനായി തരം മാറ്റിയത്. വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ കെട്ടിടത്തിന്റെ മേല്‍ക്കൂര സുരക്ഷിതമല്ല. ആശുപത്രി കോംപൗണ്ടില്‍ ഏറ്റവും താഴ്ചയുള്ള പ്രദേശമായ ഇവിടെ മലിനജലം ഒഴുകിയെത്തുക പതിവാണ്. ഇതിനു തൊട്ടടുത്തുള്ള ഇന്ത്യ പോപുലേഷന്‍ പദ്ധതിക്കായി ഉണ്ടാക്കിയ പഴയ കെട്ടിടം ഉപയോഗിച്ച് ഡയാലിസിസ് യൂനിറ്റിന്റെ പ്രവൃത്തിയും ആരംഭിക്കുന്നുണ്ട്.
പുരുഷന്‍മാരുടെ വാര്‍ഡില്‍കിടത്തി ചികില്‍സ ആവശ്യമുള്ള മുഴുവന്‍ പേരേയും ഒന്നിച്ചാണ് കിടത്തുന്നത്. പലപ്പോഴും ഇത് രോഗ പകര്‍ച്ചകിടയാക്കാറുണ്ട്. ജില്ലാ ആശുപത്രിയില്‍ എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയാമെങ്കിലും ആസൂതണത്തില്‍ വരുന്ന പാളിച്ചകള്‍ തുടര്‍ വികസനങ്ങളെ ബാധിക്കും. അതേസമയം, നിലവില്‍ ആസൂത്രണ പാളിച്ചയുണ്ടെന്നും സംസ്ഥാന സര്‍ക്കാറില്‍ പുതുതായി ഒരു മാസ്റ്റര്‍പ്ലാന്‍ നല്‍കാന്‍ ഒരുങ്ങുകയാണെന്നും ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അധികൃതര്‍ പറഞ്ഞു.
പി.മുസ്തഫ വെട്ടത്തൂര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."