HOME
DETAILS
MAL
പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല; ഉഴവുകൂലി വര്‍ധന കടലാസില്‍!
backup
December 31 2020 | 03:12 AM
പ്രത്യേക ലേഖകന്‍
പാലക്കാട്: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍, കേരളത്തിലെ കര്‍ഷകര്‍ക്കു നേരത്തെ പ്രഖ്യാപിച്ച ആനുകൂല്യം നല്‍കാതെ കബളിപ്പിക്കുന്നുവെന്ന് ആക്ഷേപം.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഉഴവുകൂലി സബ്‌സിഡി വര്‍ധിപ്പിച്ച് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ ആരവങ്ങളോടെ ഉത്തരവിറക്കിയിരുന്നെങ്കിലും, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും അതാത് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കു നല്‍കേണ്ട ഈ ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടികള്‍ കടലാസിലൊതുങ്ങുകയാണ്. 2017-18 സാമ്പത്തിക വര്‍ഷംവരെ ഹെക്ടറിന് 6,000 രൂപയായിരുന്നു ഈയിനത്തില്‍ നല്‍കിയിരുന്നത്. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ 17,000 രൂപയായാണ് ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് കൂടുതലായി വിള സംരക്ഷിക്കുന്ന നെല്‍കര്‍ഷകര്‍ക്ക് ഉഴവുകൂലി സബ്‌സിഡി ലഭ്യമാകേണ്ടത്.
ത്രിതല പഞ്ചായത്തുകളാണ് ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തി കര്‍ഷകര്‍ക്കു തുക ലഭ്യമാക്കേണ്ടത്. എന്നാല്‍, കൂടുതല്‍ നെല്‍കൃഷിയുള്ള പഞ്ചായത്തുകളില്‍ ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്ത അവസ്ഥയില്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ കൂടുതല്‍ വിഹിതത്തോടെ കര്‍ഷകര്‍ക്കു നല്‍കാനും ഉത്തരവിറക്കിയിരുന്നു. മൊത്തം തുകയുടെ പകുതി ഗ്രാമപഞ്ചായത്തും ശേഷിക്കുന്ന തുക ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും വഹിക്കണം. 17,000 രൂപയില്‍ 8,500 രൂപ ഗ്രാമപഞ്ചായത്ത് വിഹിതമാണ്. 4,250 രൂപ വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളും നല്‍കും. എന്നാല്‍, ഒന്നാം വിളയ്ക്കും രണ്ടാംവിളയ്ക്കുംകൂടി 34,000 രൂപവീതം കൃഷിഭവനുകള്‍ വഴിയുള്ള ഈ സഹായം ലഭ്യമാക്കാന്‍ സാധാരണ പഞ്ചായത്തുകള്‍ക്കു കഴിയില്ല. അതിനാല്‍ 2018-19 സാമ്പത്തിക വര്‍ഷത്തേക്കു പദ്ധതി സമര്‍പ്പിക്കാമെന്നും ജില്ലാ പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്തിനും പദ്ധതിവിഹിതത്തിന്റെ 80 ശതമാനംവരെ വകയിരുത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
പുതിയ ഉത്തരവോടെ ഒന്നാം വിളയ്ക്കും രണ്ടാം വിളയ്ക്കും ഉഴവുകൂലി അടക്കം ഹെക്ടറിന് 17,000 രൂപവീതം വര്‍ഷം 34,000 രൂപ കൂലിച്ചെലവായി കര്‍ഷകനു ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതേസമയം, പദ്ധതി തയാറാക്കാന്‍ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ ഇതുവരെ നടപടി തുടങ്ങിയിട്ടില്ല. 83,000 ഹെക്ടര്‍ നെല്‍കൃഷിക്കുള്ള പാലക്കാടാണ് സംസ്ഥാനത്ത് 40 ശതമാനം അരി ഉല്‍പാദിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ചില്‍ കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എയായിരിക്കെ തദ്ദേശവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഇപ്പോള്‍ അദ്ദേഹം മന്ത്രിയായിട്ടും സ്വന്തം പഞ്ചായത്തിലെ കര്‍ഷകര്‍ക്കുപോലും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല.
പഞ്ചായത്തുകളുടെ സാമ്പത്തിക വാര്‍ഷിക കണക്കുകള്‍ തയാറാക്കിയതിനു ശേഷമാണ് സര്‍ക്കാര്‍ ഉത്തരവ് വന്നതെന്ന ന്യായവുമായി ആദ്യ വര്‍ഷങ്ങളില്‍ തദ്ദേശ വകുപ്പ് രംഗത്തുവന്നിരുന്നു. എന്നാല്‍, ഇപ്പോഴും മുന്‍കാലങ്ങളിലെ നിരക്ക് മാത്രമേ ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ വകയിരുത്തിയിട്ടുള്ളൂ. അതിനാല്‍ ഫലത്തില്‍ ഉഴവുകൂലി ഒന്നാംവിളയ്ക്ക് മാത്രമാകുകയും ഈ സഹായം 34,000 എന്നത് 6,000 മുതല്‍ 10,000 രൂപവരെ മാത്രമായി ഒതുങ്ങുകയുമാണ് ചെയ്യുന്നത്.
തിരുവില്വാമലയില്‍ ബി.ജെ.പി അധികാരത്തില്‍
തിരുവില്വാമല (തൃശൂര്‍): ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന തിരുവില്വാമല പഞ്ചായത്തില്‍ ഇടതു വോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ ബി.ജെ.പിക്ക് ഭരണം.
17 അംഗ പഞ്ചായത്തില്‍ യു.ഡി.എഫ് 6, എന്‍.ഡി.എ 6, എല്‍.ഡി.എഫ് 5 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും മത്സര രംഗത്തെത്തി. ബിനി ഉണ്ണികൃഷ്ണന്‍ (എല്‍.ഡി.എഫ്), പത്മജ (യു.ഡി.എഫ്), സ്മിത സുകുമാരന്‍ (എന്‍.ഡി.എ) എന്നിവര്‍ മുന്നണി വോട്ടുകള്‍ നേടി. രണ്ടാം റൗണ്ടില്‍ ഇടതുമുന്നണി വോട്ടുകള്‍ അസാധുവാക്കിയതോടെ മൂന്നാം റൗണ്ടില്‍ എന്‍.ഡി.എ.യും യു.ഡി.എഫും തുല്യത പാലിച്ചു. ഇതോടെ നറുക്ക് എന്‍.ഡി.എ സ്ഥാനാര്‍ഥി സ്മിത സുകുമാരനെ തുണക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും സമാന അവസ്ഥ തന്നെയായിരുന്നു. രണ്ടര വര്‍ഷം അധികാരം പങ്കിടാമെന്ന ധാരണയില്‍ സഖ്യചര്‍ച്ചയുമായി യു.ഡി.എഫ് മുന്നോട്ടുവന്നെങ്കിലും സി.പി.എം ജില്ലാ നേതൃത്വം മുഖംതിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."