വെള്ളയില്‍, പുതിയാപ്പ തുറമുഖ ശുചീകരണ യജ്ഞം ജൂണ്‍ മൂന്നിന്
കോഴിക്കോട്: മഴക്കാലത്തിനു മുന്നോടിയായി വെള്ളയില്‍, പുതിയാപ്പ മത്സ്യബന്ധന തുറമുഖ പരിസരത്തു ജൂണ്‍ മൂന്നിന് ശുചീകരണ യജ്ഞം നടത്താന്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഉപയോഗിക്കാത്ത വള്ളങ്ങളിലും മത്സ്യപ്പെട്ടികളിലും കൊതുകുകള്‍ മുട്ടയിടുന്നത് തടയാനും ഓടകള്‍ ശുചീകരിക്കാനും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നടപടി സ്വീകരിക്കും.
വാര്‍ഡ് കൗണ്‍സിലര്‍മാരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ ഫിഷറീസ്, തുറമുഖ വകുപ്പ്, മത്സ്യത്തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തക്പ പങ്കാളികളാകും. ഇതിനു മുന്‍പായി ജൂണ്‍ ഒന്നിന് വൈകിട്ട് നാലിന് വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു പദ്ധതി ആസൂത്രണം ചെയ്യും.
ഉപയോഗിക്കാത്ത വള്ളങ്ങള്‍ കമിഴ്ത്തിവയ്ക്കണമെന്നും മത്സ്യപ്പെട്ടികള്‍ ആവശ്യമുള്ളവ മാത്രം തുറമുഖ പരിസരത്ത് അടുക്കിവച്ച് മുകളില്‍ ടാര്‍പോളിന്‍ വിരിക്കണമെന്നും അല്ലാത്തവ ഗോഡൗണുകളിലേക്കു മാറ്റണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ട്രോളിങ് നിരോധനം നിലവില്‍ വന്ന ശേഷം തുറമുഖ പരിസരത്തു കൂടുതല്‍ ശുചീകരണ യജ്ഞം നടത്താമെന്ന് അരയ സമാജം പ്രതിനിധികള്‍ കലക്ടര്‍ക്ക് ഉറപ്പു നല്‍കി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയാപ്പ-വെള്ളയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."