ഒരാള്‍ ചെയ്ത തെറ്റിന് മറ്റുള്ളവരെ ശിക്ഷിക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി
പട്‌ന: ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഹാര്‍ സ്വദേശിക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതേസമയം ഒരു വ്യക്തി ചെയ്ത കുറ്റത്തിന് ഗുജറാത്തില്‍ വിവിധ തൊഴിലുകളിലേര്‍പ്പെട്ടവര്‍ക്കെതിരേ നടക്കുന്ന അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഒരു വ്യക്തി ചെയ്ത തെറ്റിന് മറ്റുള്ളവരെയെല്ലാം പ്രതികളാക്കി ആക്രമിക്കുന്ന നടപടി ശരിയല്ല. തെറ്റു ചെയ്തയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍ തെറ്റുകളൊന്നും ചെയ്യാത്ത നിരപരാധികളെ ആക്രമിക്കുന്നത് ശരിയല്ല.
ബിഹാര്‍ സ്വദേശിയായ രഘുവിര്‍ സാഹുവാണ് 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചത്. ഇതേതുടര്‍ന്ന് ബിഹാറില്‍ നിന്ന് മാത്രമല്ല ഉത്തര്‍പ്രദേശില്‍ നിന്നും വിവിധ തൊഴിലുകള്‍ക്കായി ഗുജറാത്തില്‍ എത്തിയവര്‍ക്കുനേരെ വ്യാപകമായ അക്രമങ്ങളാണ് നടക്കുന്നത്.
ഇതേ തുടര്‍ന്ന് പലരും അവിടം വിട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നം സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സംസാരിച്ചതായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.
ഗുജറാത്തിലെ ഒരു കമ്പനി തൊഴിലാളിയാണ് രഘുവിര്‍ സാഹു. ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഗുജറാത്തിലെ മെഹ്‌സാന, സബര്‍കന്ത, ആരാവലി ജില്ലകളില്‍ ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുനേരെ വ്യാപക അക്രമങ്ങളുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."