പാചകവാതകത്തിനും വില ഉയര്‍ന്നതോടെ താളംതെറ്റി കുടുംബ ബജറ്റുകള്‍
കഞ്ചിക്കോട്: അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലക്കു പുറമെ പാചകവാതകവില കുതിച്ചുയരുന്നതോടെ അടുക്കളയും അടച്ചിടേണ്ടിവരുമെന്ന ആശങ്കിയിലാണ് വീട്ടമ്മമാര്‍. നിലവില്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കഴിഞ്ഞദിവസം വര്‍ദ്ധിപ്പിച്ചതെന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 869.50 രൂപയാണ് വില. ഇതിനുപുറമെ സബ്‌സിഡിയുള്ള സിലിണ്ടറിന് 2.59 രൂപയും വര്‍ദ്ധിപ്പിച്ചതോടെ സബ്‌സിഡി സിലിണ്ടറിന് 502.04 രൂപയുമായിട്ടുണ്ട്.
പാചകവാതകത്തിന് അനുദിനം വിലയുയരുന്നതോടെ പാചകം ചെയ്യണമെങ്കില്‍ പഴയകാലത്തെപ്പോലെ അടുപ്പുകത്തിക്കേണ്ടി വരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇന്ധനവിലക്കു പുറമെ ഗ്യാസിനും വിലയുയര്‍ന്നത് കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണിപ്പോള്‍. രാജ്യാന്തര വിപണിയില്‍ വിലവര്‍ദ്ധിച്ചതും വിദേശവിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഇന്ധന-പാചകവാതക വില ഉയരാന്‍ കാരണമെന്നാണ് ഐ.ഒ.സി നല്‍കുന്ന വിശദീകരണം.
വിലവര്‍ദ്ധിച്ചതോടെ ഒരു സിലിണ്ടര്‍ വാങ്ങിയാല്‍ ഒരു മാസം ഉപയോഗിച്ചിരുന്നത് 2 ഉം 3 ഉം മാസമുപയോഗിക്കേണ്ട സ്ഥിതിയിലാണ്. ഗ്യാസിന്റെ ഉപയോഗം കുറച്ച് മണ്ണെണ്ണ സ്റ്റൗ, ഇന്‍ഡക്ഷന്‍കുക്കര്‍ എന്നിവയുപയോഗിച്ച് നാളുകള്‍ തള്ളിനീക്കുകയാണ് പല വീട്ടമ്മമാരും. വിറകുപേട്ടകള്‍ കുറഞ്ഞതും വിറകു കിട്ടാതായതും പലവീടുകളിലും ഇതിനു സൗകര്യമില്ലാത്തതും പലരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ചെറിയ കുടുംബങ്ങള്‍ ഗ്യാസടുപ്പും ഇന്‍ഡക്ഷന്‍കുക്കറുകളും കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമെങ്കിലും വലിയ കുടുംബങ്ങളുള്ളവരാണ് ഇപ്പോള്‍ ബുദ്ധിമുട്ടുന്നത്. വീട്ടുവളപ്പില്‍ മരങ്ങളുള്ളവര്‍ അത്യാവശ്യം അടുപ്പുകൂട്ടി പാടകം ചെയ്ത് നാളുകള്‍ നീക്കുമ്പോള്‍ ഫ്‌ളാറ്റുകളിലും വില്ലകളിലും താമസമാക്കിയവരാണ് ഇന്ധനവിലയില്‍ നട്ടംതിരിയുന്നത്. മണ്ണെണ്ണക്ക് വിപണിയില്‍ ലിറ്ററിന് 50-60 രൂപകൊടുക്കണമെന്നിരിക്കെ ഇതും കിട്ടാക്കനിയാവുകയാണ്. കൂലിപ്പണിക്കാര്‍ക്കും മാസവരുമാനക്കാര്‍ക്കുമെല്ലാം ഇന്ധനവിലയും പാചകവാതകവിലയും ഇരുട്ടടിയായിരിക്കുകയാണ്.
ഇത്തരത്തില്‍ ഇന്ധനവിലയും പാചകവാതകവിലയും ഉയരുന്നത് കുടുംബങ്ങളില്‍ നിരവധി പ്രതിസന്ധികളാണ് തീര്‍ക്കുന്നത്. ഇതുനുപുറമെയാണ് ഗ്യാസ് കഴിഞ്ഞാല്‍ ഏജന്‍സികളില്‍നിന്നും സിലിണ്ടര്‍ വരുന്നതിനുള്ള കാലതാമസം. നേരത്തെ മണ്ണെണ്ണക്കുപകരം ഡീസല്‍ ഉപയോഗിച്ചിരുന്നവര്‍ ഇപ്പോള്‍ ഡീസല്‍ വില 80 ലെത്തിയതോടെ മണ്ണെണ്ണയെത്തന്നെ ആശ്രയിക്കുകയാണ്. തൊഴില്‍ മേഖലകളിലെ പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യത്തിനുമെല്ലാം പുറമെ ഇത്തരത്തില്‍ അനുദിനം ഇന്ധന-പാചകവാത വിലയും കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."