അനധികൃത പരസ്യങ്ങള്‍ നീക്കം ചെയ്യാനൊരുങ്ങി കാഞ്ഞങ്ങാട് നഗരസഭ
കാഞ്ഞങ്ങാട്: നഗരത്തില്‍ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന നടപടികള്‍ക്ക് നാളെ തുടക്കമാകും. ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ അനധികൃതമായി സ്ഥാപിക്കുന്നത് തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കാനും നടപ്പാക്കാനും കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നഗരസഭ ചെയര്‍മാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്തു. പൊതുസ്ഥലങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിക്കാന്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം. പരസ്യ പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ അനുമതി അപേക്ഷയോടൊപ്പം, പരസ്യം ചെയ്യുന്ന വിഷയത്തിന്റെ പകര്‍പ്പും ഹാജരാക്കേണ്ടതുണ്ട്. പ്രകോപനമുണ്ടാക്കുന്നതോ മതവികാരം വ്രണപ്പെടുത്തുന്നതോ കൊലപാതകം പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭീകര രംഗങ്ങള്‍ ചിത്രീകരിക്കുന്നതോ ആയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുകയില്ല.
നിലവില്‍ നഗരസഭ പരിധിയിലുള്ള മുഴുവന്‍ അനധികൃത ബോര്‍ഡുകളും 12 നകം സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലിസ് സഹായത്തോടെ നഗരസഭ ഉദ്യോഗസ്ഥര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
നഗരസഭാചെയര്‍മാന്‍ വി.വി രമേശന്‍ അധ്യക്ഷനായിരുന്നു. വിവിധ രാഷ്ട്രിയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് കെ.വി രാഘവന്‍, ഡി.വി ബാലകൃഷ്ണന്‍, കെ. മുഹമ്മദ് കുഞ്ഞി, പത്മരാജന്‍ ഐങ്ങോത്ത്, എം. കുഞ്ഞികൃഷ്ണന്‍, ഇബ്രാഹിം, ബാബുരാജ്. സി. കെ. അശോക് കുമാര്‍, കൃഷ്ണന്‍ കുട്ടമത്ത്, ശബരീശന്‍, പള്ളി കൈയ് രാധാകൃഷ്ണന്‍, പ്രിയേഷ് , ബില്‍ ടെക്ക് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."