മത്തി എന്തുകൊണ്ട് കുറയുന്നു; വ്യക്തത തേടി ഗവേഷകര്‍
കൊച്ചി: മത്തി കുറയുന്നതിന് പിന്നിലെ രഹസ്യങ്ങള്‍ തേടി ഗവേഷകര്‍. മത്തിയുടെ ലഭ്യതയില്‍ അടിക്കടിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ കാരണങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഗവേഷകര്‍ നാളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്‍.ഐ) ഒത്തുകൂടും.
മത്തിയെ ദോഷകരമായി ബാധിക്കുന്ന ഘടകങ്ങളേതെന്ന് തിരിച്ചറിയാനും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് വിദഗ്ധര്‍ ചര്‍ച്ച നടത്തുന്നത്.
ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍പോലും മത്തിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം. സി.എം.എഫ്.ആര്‍.ഐയുടെ കണക്ക് പ്രകാരം മത്തിയുടെ ലഭ്യതയില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 39 ശതമാനമാണ് കുറവുണ്ടായത്. മത്തിയുടെ ലഭ്യതയെ പ്രധാനമായി സ്വാധീനിക്കുന്നത് എല്‍നിനോ ലാനിനാ പ്രതിഭാസമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും സി.എം.എഫ്.ആര്‍.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന മത്തിക്ഷാമം സി.എം.എഫ്.ആര്‍.ഐയുടെ കണ്ടെത്തലുകളെ ശരിവയ്ക്കുന്നതാണെങ്കിലും, കടലിലെ സൂക്ഷ്മ പാരിസ്ഥിതിക ഘടകങ്ങള്‍ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്ന് ഇനിയും വ്യക്തമായി കണ്ടെത്തേണ്ടതുണ്ട്.
എല്‍നിനോ കൂടാതെ വിവിധ സമുദ്രപ്രതിഭാസങ്ങളായ ജലോപരിതലത്തിലെ ഊഷ്മാവ്, ഉല്‍പ്പാദനക്ഷമതയിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയവ ഏതൊക്കെ രീതിയിലാണ് മത്തിയെ ബാധിക്കുന്നതെന്നതിനെ കുറിച്ച് വിദഗ്ധര്‍ ചര്‍ച്ച ചെയ്യും. ഇതുമായി ബന്ധപ്പെട്ട്, വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത പഠനങ്ങളുടെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്യും.
മത്തിയുടെ കുറവ് ഏതൊക്കെ രീതിയില്‍ മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക നിലവാരത്തെ ബാധിക്കുമെന്നതും പഠനവിധേയമാക്കും. മത്തിയുടെ ലഭ്യത സുസ്ഥിരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനുള്ള മത്സ്യബന്ധനരീതികള്‍ വികസിപ്പിക്കല്‍, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഏകോപനം എന്നിവയും ചര്‍ച്ചാവിഷയമാകും.
സി.എം.എഫ്.ആര്‍.ഐക്ക് പുറമെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫി, ഹൈദരാബാദിലെ ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് (ഇന്‍കോയിസ്), ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള സ്‌പേസ് അപ്ലിക്കേഷന്‍സ് സെന്റര്‍, പൂനയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മീറ്റിയറോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സി.എം.എഫ്.ആര്‍.ഐ തയാറാക്കിയ 'മത്തി എന്ന മത്സ്യസമസ്യ' പുസ്തകവും പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."