ടൈഫോയ്ഡും മഞ്ഞപ്പിത്തവും; ആന്ധ്രയിലെ സൂരപാലം ആദിത്യ എന്‍ജിനീയറിങ് കോളജിലെ 54 മലയാളി വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
മാവേലിക്കര: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ സൂരപാലം ആദിത്യ എന്‍ജിനീയറിങ് കോളജില്‍ 54 മലയാളി വിദ്യാര്‍ഥികള്‍ ടൈഫോയ്ഡും മഞ്ഞപ്പിത്തവും മൂലം ദുരിതത്തില്‍. ഫോറന്‍സിക് സയന്‍സ് ഡിഗ്രി കോഴ്‌സിനു പഠിക്കുന്ന രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികളാണു ദുരിതത്തിലായിരിക്കുന്നത്. തലകറക്കം, പനി ലക്ഷണങ്ങളെ തുടര്‍ന്നു പലരും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ലബോറട്ടറി പരിശോധനയില്‍ പലര്‍ക്കും മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വൈറല്‍ പനി എന്നിവയാണെന്നു കണ്ടെത്തി.
കഴിഞ്ഞ ദിവസം നല്‍കിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്നും ഹോസ്റ്റലിലെ ഭക്ഷണം, വെള്ളം എന്നിവയുടെ പ്രശ്‌നമാണു രോഗത്തിനു ഇടയാക്കിയതെന്നും മലയാളി വിദ്യാര്‍ഥികള്‍ പരാതി പറയുന്നു. വിദ്യാര്‍ഥികള്‍ നാട്ടില്‍ പോകുന്നതിന് അവധി ചോദിച്ചെങ്കിലും ആദ്യം നല്‍കിയില്ലെന്നും പരാതിയുണ്ട്. ഹോസ്റ്റലിലെ വെള്ളത്തിനു കുഴപ്പമില്ലെന്ന പരിശോധന റിപ്പോര്‍ട്ട് കാണിച്ച ശേഷം മാനസികമായ തോന്നലാണ് പ്രശ്‌നത്തിനു കാരണമെന്ന വിചിത്രമായ വാദമാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികളോടു പറഞ്ഞതത്രെ.
കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായതോടെ മലയാളി വിദ്യാര്‍ഥികള്‍ സംഘടിച്ചു പ്രിന്‍സിപ്പലിനു പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കോളജിലെ രണ്ട്, മൂന്ന് വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 18 വരെ അവധി നല്‍കി.
ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ പലര്‍ക്കും രോഗമുണ്ടെങ്കിലും അവര്‍ക്ക് അവധി നല്‍കിയിട്ടില്ല. വൈറല്‍ പനി മൂലം ക്ഷീണിതരായ പലരും നാട്ടിലേക്ക് യാത്രചെയ്യാനുള്ള അവസ്ഥയിലല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അവധി ലഭിച്ചവര്‍ 19 നു തിരികെ എത്തിയില്ലെങ്കില്‍ പരീക്ഷ എഴുതിക്കില്ലെന്നു കോളജ് അധികൃതര്‍ പറഞ്ഞതായും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."