സുഷമാസ്വരാജിന് രാജ്യത്തിന്റെ വിട
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന് രാജ്യം വിടചൊല്ലി. ഇന്നലെ വൈകുന്നേരം നാലരയോടെ സുഷമയുടെ ഭൗതികശരീരം ഡല്‍ഹി ലോധി റോഡ് വൈദ്യുതി ശ്മശാനത്തിന്‍ സംസ്‌കരിച്ചു. അന്ത്യകര്‍മകള്‍ക്ക് മകള്‍ ബന്‍സുരായി സ്വരാജ് നേതൃത്വം നല്‍കി. നിരവധി പേരാണ് സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
ഇന്നലെ രാവിലെ 11 മണി വരെ ഭൗതിക ശരീരം ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് 12മണിയോടെ ബി.ജെ.പി ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായും വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയും ചേര്‍ന്ന് ബി.ജെ.പി പതാക പുതപ്പിച്ചു. മൂന്ന് മണിവരെ പാര്‍ട്ടി ആസ്ഥാനത്തും പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് വൈകീട്ട് മൂന്നരയോടെ ലോധി റോഡിലുള്ള ശ്മശാനത്തിലേക്ക് വിലപായാത്രയായി കൊണ്ടുപോയി.
വസതിയിലും ബി.ജെ.പി ആസ്ഥാനത്തുമായി നിരവധി നേതാക്കളാണ് സുഷമയെ അവസാനമായി കാണാനെത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, മുസ്‌ലിംലീഗ് നേതാവ് പി കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കൂടിയായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ഡല്‍ഹിയില്‍ രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി ഒരാഴ്ച ദുഖാചരണം നടത്തുമെന്ന് ബി.ജെ.പിയും പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍സുഷമാ സ്വരാജ് മരിക്കുന്നത്. അറുപത്തിയേഴ് വയസായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."