തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ്: മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും
കൊടുങ്ങല്ലൂര്‍: കൊച്ചി രാജാവിന്റെ വിശ്രമകേന്ദ്രമായിരുന്ന തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ് മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തി പുനര്‍നിര്‍മിക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടം ജീര്‍ണാവസ്ഥയിലാണ്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് അടച്ചു പൂട്ടുകയും ചെയ്തു.
ഇതിനിടയിലാണ് കെട്ടിടം പാരമ്പര്യ തനിമ നിലനിറുത്തി പുനര്‍നിര്‍മിക്കാന്‍ തീരുമാനമായത്. ജലവിഭവ വകുപ്പിനു കീഴില്‍ ജല വാഹനങ്ങളുടെ ഫിറ്റ്‌നസ് ഉള്‍പ്പടെയുള്ള സുരക്ഷാ പരിശോധനയും റജിസ്‌ട്രേഷനും മറ്റും നടത്തുന്ന തൃശൂര്‍ മലപ്പുറം ജില്ലകളിലെ ഏക ഓഫിസായ തിരുവഞ്ചിക്കുളം കനാല്‍ ഓഫിസ് ആണിവിടെ പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന കനാല്‍ ഓഫിസുകളിലൊന്നാണിത്.തിരുകൊച്ചി നിയമസഭ പാസാക്കിയ ബില്ലിലൂടെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു നിലവില്‍ വന്ന കനാല്‍ ഓഫിസില്‍ നിന്നാണ് ഒരു ടണ്ണില്‍ കൂടുതല്‍ കേവു ഭാരമുള്ള ജല വാഹനങ്ങള്‍ക്ക് റജിസ്‌ട്രേഷന്‍ പാസ് നല്‍കുന്നതും ഫിറ്റ്‌നസ് പരിശോധന നടത്തുന്നതും. മുന്‍ കാലങ്ങളില്‍ യന്ത്രവല്‍കൃത ബോട്ടുകളുടെ പരിശോധനയും ഈ ഓഫിസിനു കീഴിലായിരുന്നുവെങ്കിലും തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്നു ഇവയുടെ പരിശോധനാ ചുമതല സര്‍ക്കാര്‍ തുറമുഖ വകുപ്പിനു കൈമാറി. എങ്കിലും ഹൗസ് ബോട്ടുകള്‍, കടത്തുവഞ്ചികള്‍, മത്സ്യ ബന്ധന വഞ്ചികള്‍ , മത്സര വള്ളങ്ങള്‍ , മണല്‍ വാരുന്ന വഞ്ചികള്‍ തുടങ്ങിയവയുടെ റജിസ്‌ട്രേഷനും ഫിറ്റ്‌നസ് പരിശോധനയും കനാല്‍ ഓഫിസിന്റെ നിയന്ത്രണത്തില്‍ തന്നെയാണ്. കൂടാതെ പുഴകള്‍ ,കനാലുകള്‍ ,തോടുകള്‍ എന്നിവയുടെ കൈയേറ്റം തടയലും സംരക്ഷണവും ജലമലിനീകരണം തടയലും കനാല്‍ ഓഫിസിന്റെ ചുമതലയാണ്. കൊച്ചി രാജാവ് തിരുവഞ്ചിക്കുളം ക്ഷേത്ര ദര്‍ശനത്തിനെത്തുമ്പോള്‍ വിശ്രമിച്ചിരുന്ന ഇടത്താവളമാണ് പിന്നീടു കനാല്‍ ഓഫിസായി മാറിയത്. മേഖലയില്‍ നിലവില്‍ ഏറ്റവും പഴക്കമുള്ള കെട്ടിടമാണ് കനാല്‍ ഓഫിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."