HOME
DETAILS
MAL
ആര്‍ദ്രതയുടെ ആഴത്തിലുള്ള പെയ്ത്ത്
backup
August 14 2019 | 22:08 PM
ഓരോ ദുരന്തങ്ങളും അപരിഹാര്യമായ കഷ്ടനഷ്ടങ്ങള്‍ വരുത്തി കടന്ന്‌പോകുമ്പോള്‍ നന്മയുടെ ഓരോരോ തുരുത്തുകളും അതോടൊപ്പം ജന്മംകൊള്ളുന്നുവെന്നത് പ്രതീക്ഷാനിര്‍ഭരമാണ്. 2015 നവംബറില്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ ഇതരസംസ്ഥാന തൊഴിലാളി ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ ഓട്ടോറിക്ഷക്കാരനായ നൗഷാദ് അന്ന് സ്വന്തം ജീവന്‍ ബലിയായി നല്‍കി രക്ഷിച്ചുവെങ്കില്‍ ഇന്നിതാ കൊച്ചിയിലെ മറ്റൊരു നൗഷാദ് പെരുന്നാളിന് വില്‍ക്കാന്‍വച്ച തുണിത്തരങ്ങളെല്ലാം രണ്ടാം പ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നല്‍കിയിരിക്കുന്നു.
കഴിഞ്ഞ കൊല്ലത്തെ പ്രളയത്തില്‍നിന്നും രക്ഷപ്പെട്ട് ബോട്ടില്‍ കയറാന്‍വന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ട്പടിയായി നല്‍കി ചെളിവെള്ളത്തില്‍ കമിഴ്ന്ന് കിടന്ന കെ.പി ജയ്‌സലിനെ നാം മറന്നിട്ടില്ല. മക്കളുടെ കല്യാണത്തിന് ഒരുക്കിവച്ചതെല്ലാം നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് കോഴിക്കോട്ടെ മനുഷ്യസ്‌നേഹികള്‍ വേണ്ടതെല്ലാം ഒരുക്കിക്കൊടുത്തത് ഈ കണ്ണീര്‍ മഴയില്‍ കുളിര്‍മഴയായി തീരുന്നു. അതോടൊപ്പംതന്നെ ആദര്‍ശ് എന്ന കൊച്ചുവിദ്യാര്‍ഥി സ്‌കൂളുകളില്‍ സംഭാവനപ്പെട്ടി സ്ഥാപിച്ച് അതില്‍നിന്നും മാര്‍ച്ച് മാസത്തില്‍ പണം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മണിയോര്‍ഡറായി സംഭാവന ചെയ്യാനുള്ള ആശയം മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നു. ഓരോ സ്‌കൂളിലെയും ഹെഡ്മാസ്റ്റര്‍മാര്‍ സംഭാവന പെട്ടികളിലെ പണം ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാര്‍ച്ച് മാസത്തിലും അയച്ചുകൊടുക്കുമ്പോള്‍ തീര്‍ച്ചയായും അതൊരു വലിയ സംഖ്യയാകും. കഴിഞ്ഞ വര്‍ഷവും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കിയ ആദര്‍ശിനെ മുഖ്യമന്ത്രി പിണറായി വിജയനും പൊതുസമൂഹവും അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍.
അതില്‍പെട്ട മറ്റൊരു മനുഷ്യസ്‌നേഹിയായ ആലപ്പുഴ തുരുക്കുന്നപ്പുഴയിലെ അബ്ദുല്ല, തന്റെ വസ്ത്രശാലയിലെ 10 ലക്ഷത്തിലധികം രൂപ വിലവരുന്ന വസ്ത്രങ്ങളും കൂടാതെ ഭക്ഷ്യവസ്തുക്കളുമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്. അറിഞ്ഞും അറിയപ്പെടാതെയും എത്രയോ നന്മനിറഞ്ഞ മനുഷ്യര്‍ ദുരിതബാധിതരെ സഹായിക്കുന്നുണ്ട് എന്നറിയുമ്പോള്‍ വിഷക്കാറ്റ് പരത്തുന്നവര്‍ക്കെതിരേ അലിവിന്റെ മുനിഞ്ഞ് കത്തുന്ന വിളക്കുമരങ്ങളായിതീരുന്നു അവര്‍. കലികാലത്തിലെ ചില ജന്മങ്ങള്‍ മനുഷ്യമനസ്സുകളെ എത്ര ദുശിപ്പിക്കാന്‍ തുനിഞ്ഞാലും മനസ്സിന്റെ അത്യഗാധമാം ആഴിയില്‍നിന്നും കാരുണ്യത്തിന്റെ ഉറവകീറുകള്‍ പ്രത്യക്ഷപ്പെടുകതന്നെ ചെയ്യും.
കുസാറ്റിലെ വിദ്യാര്‍ഥികളും അധ്യാപകരും കൊച്ചിയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദിനെ സംഭാവനക്കായി സമീപിച്ചപ്പോള്‍ പെരുന്നാള്‍ കച്ചവടത്തിനായി വാങ്ങിവച്ച വസ്ത്രങ്ങളെല്ലാം വാരിക്കൂട്ടി അവര്‍ക്ക് നല്‍കുകയായിരുന്നു. നേരത്തെ ഇവര്‍ വലിയ കച്ചവടക്കാരെ സമീപിച്ചതാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് വലിയ തുക സംഭാവന നല്‍കിയതാണെന്നും കച്ചവടം മോശമാണെന്നും പറഞ്ഞ് കുസാറ്റിലെ വിദ്യാര്‍ഥികളെ അവര്‍ മടക്കിയയക്കുകയായിരുന്നു. ആ നിരാശയോടെയാണവര്‍ വഴിയോരക്കച്ചവടക്കാരനായ നൗഷാദിനെ സമീപിച്ചത്. തന്റെ സംഭാവന മറ്റാരും അറിയരുതെന്ന് നൗഷാദിന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ ആരോ അത് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയപ്പോള്‍ അത് വൈറലായി. കഴിഞ്ഞ വര്‍ഷവും ഇതേപോലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നൗഷാദ് സംഭാവന നല്‍കിയതായിരുന്നുവെങ്കിലും അതാരും അറിഞ്ഞിരുന്നില്ല. നൗഷാദ് അറിയിച്ചതുമില്ല. കൈയിലുള്ളതെല്ലാം കഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുക എന്നത് ഉപ്പയുടെ സ്വഭാവമാണെന്ന് മകളും സാക്ഷ്യപ്പെടുത്തുന്നു. ഒമ്പത് കൊല്ലം നൗഷാദ് സഊദി അറേബ്യയില്‍ ജോലി ചെയ്ത് കാര്യമായിട്ടൊന്നും സമ്പാദിക്കാതെയാണ് പ്രവാസജീവിതം മതിയാക്കി നാട്ടില്‍ വഴിയോരക്കച്ചവടത്തിനിറങ്ങിയത്.
വഴിയോരക്കച്ചവടക്കാരനായ നൗഷാദ് തന്റേതെല്ലാം നല്‍കുമ്പോള്‍ പറയുന്നത് -'ഒന്നും കൊണ്ടുവന്നില്ല, മരിച്ചു പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല. ദൈവം എനിക്ക് തരുന്നത് കഷ്ടപ്പെടുന്നവരെയും ദുരിതം അനുഭവിക്കുന്നവരെയും സഹായിക്കാനാണ്'. സഹായിക്കാന്‍ തുനിഞ്ഞവരോടും സ്വീകരണമൊരുക്കിയവരോടും നൗഷാദ് പറഞ്ഞു, ആ പണം കൊണ്ട് നിങ്ങളുടെ വീടിനടുത്തുള്ള പ്രയാസപ്പെടുന്ന ആളുകളെ സഹായിക്കൂവെന്ന്. നൗഷാദ് ഇത് പറയുമ്പോള്‍ രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് മുന്നേറിയ ഗ്രീക്കിലെ മാസിഡോണിയക്കാരന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയെയാണ് അനുസ്മരിപ്പിക്കുന്നത്. ബി.സി 323ല്‍ 32-ാം വയസ്സില്‍ മരണപ്പെടുന്നതിന് മുമ്പ് അലക്‌സാണ്ടര്‍ ചക്രവര്‍ത്തി തന്റെ സേവകരോട് കല്‍പിച്ചത് ഇങ്ങനെയായിരുന്നു; താന്‍ സമ്പാദിച്ച രത്‌നങ്ങളും സ്വര്‍ണങ്ങളും തന്റെ ശവമഞ്ചം കൊണ്ടുപോകുന്ന വഴിയില്‍ വിതറണം, ശവമഞ്ചത്തില്‍ തന്റെ ഇരുകൈകളും ജനം കാണുന്നവിധത്തില്‍ പുറത്തേക്ക് ഇടണം.
ലോകം വെട്ടിപ്പിടിച്ച ഒരു ചക്രവര്‍ത്തി ഇതാ ഒന്നും കൊണ്ടുപോകാതെ വെറും കൈയോടെ മടങ്ങുന്നുവെന്ന സന്ദേശമായിരുന്നു ഇതിലൂടെ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പൊതുസമൂഹത്തിന് നല്‍കിയത്. ചക്രവര്‍ത്തിയും വഴിയോര കച്ചവടക്കാരനും ഒരേസ്വരത്തില്‍ പറയുന്നത് ദൈവഹിതമാണ്. അത് മാത്രമേ നടക്കൂ എന്ന യാഥാര്‍ഥ്യത്തെ അവര്‍ അടയാളപ്പെടുത്തുന്നു. ഹൃദയബന്ധിയായിതീരുന്നു അവരുടെ വാക്കുകള്‍. ഭൗതിക ആര്‍ത്തികളുമായി പാഞ്ഞുനടക്കുന്നവര്‍ ജീവിതം എത്ര നിരര്‍ഥകമാണെന്ന് അപ്രതീക്ഷിത ദുരന്തങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഓര്‍ക്കുന്നുണ്ടാകണം. നമുക്ക് വേണ്ടി നാം സമ്പാദിക്കുന്നതല്ല നിലനില്‍ക്കുകയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി സമ്പാദ്യം ചെലവഴിക്കുന്നത് മാത്രമേ നിലനില്‍ക്കൂവെന്നും ഈ പ്രളയ ദുരന്തത്തില്‍ പ്രകാശകിരണങ്ങളായി മാറിയ മനുഷ്യസ്‌നേഹികള്‍ ഓര്‍മപ്പെടുത്തുന്നു.
സ്മൃതിതരളമാകും ഇവരുടെ ജീവിതമെന്നതിന് എന്താണ് സംശയം. ആര്‍ദ്ര സാന്നിധ്യമായും ഹൃദയസ്മൃതിയായും ഇത്തരം മനുഷ്യര്‍ നമുക്കിടയില്‍ ജീവിക്കുമ്പോള്‍ മാത്രമേ ഈ കൊച്ചുകേരളം ദൈവത്തിന്റെ സ്വന്തം നാടായി വിശേഷിപ്പിക്കാനുള്ള അര്‍ഹത നേടുന്നുള്ളൂ. ആത്മീയതയുടെ നിശ്ശബ്ദ സന്ദേശമാണ് നൗഷാദുമാരും അതേപോലെയുള്ളവരും നല്‍കിക്കൊണ്ടിരിക്കുന്നത്. കണക്ക് കൂട്ടിക്കൊടുത്തതല്ല, അന്നേരം ദൈവം എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുകയായിരുന്നുവെന്ന് നൗഷാദ് പറയുമ്പോള്‍ മഹാമനീഷികള്‍ കേരളത്തിന് പകര്‍ന്ന് നല്‍കിയ സുകൃതങ്ങള്‍ ചില കേരളീയരുടെയെങ്കിലും അകതാരില്‍ സ്മൃതിനാളമായി ജ്വലിക്കുന്നുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."