പരിസ്ഥിതി ദിനം എന്നാല്‍ മരം നടല്‍ മാത്രമോ?
ചങ്ങരംകുളം: ലോക പരിസ്ഥിതി ദിനത്തില്‍ ചങ്ങരംകുളം ടൗണില്‍ വന്നാല്‍ മാലിന്യ കൂമ്പാരങ്ങള്‍ കൂട്ടിയിട്ട മനോഹര കാഴ്ച കാണാം. മാഞ്ഞു പോയ പച്ചപ്പ് വീണ്ടെടുത്ത് പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങള്‍ വെച്ച് പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് വിവിധ പഞ്ചായത്തുകള്‍.
എന്നാല്‍ ആലങ്കോട് , നന്നംമുക്ക് എന്നീ രണ്ടു പഞ്ചായത്തിലായി വ്യാപിച്ച് കിടക്കുന്ന ജില്ലാ അതിര്‍ത്തിയിലെ ചങ്ങരംകുളം ടൗണിലെത്തിയാല്‍ കാണുന്ന കാഴ്ച വളരെ ദയനീയം തന്നെയാണ്. ടൗണില്‍ നിന്ന് തൃശൂര്‍ റോഡില്‍ പഴയ കെട്ടിടത്തിന് പുറകിലായി വര്‍ഷങ്ങളായി ടൗണിലെ മാലിന്യങ്ങള്‍ കൊണ്ട് വന്നു നിറഞ്ഞിരുന്നെങ്കിലും പുറമെ നിന്ന് ആരു ശ്രദ്ധിച്ചിരുന്നില്ല.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടം പൊളിഞ്ഞതോടെ മാലിന്യകൂമ്പാരം ജനങ്ങള്‍ക്ക് ശല്യമായി തുടങ്ങി. നിലവില്‍ ടൗണിലെ മുഴുവന്‍ മാലിന്യങ്ങളും തട്ടാനുള്ള പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ചങ്ങരംകുളത്തെ കണ്ണായ ഈ ഭാഗം. മഴ പെയ്തതോടെ പ്രദേശത്ത് കൊതുകും ഈച്ചയും വര്‍ധിച്ചിട്ടുണ്ട്.
വേസ്റ്റുകള്‍ കുമിഞ്ഞു കൂടി അസഹ്യമായ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്താതെ ടൗണിലിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍. പരിസ്ഥിതി ദിനത്തില്‍ കേരളം കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ നട്ട് പ്രകൃതി സംരക്ഷണമെന്ന് കൊട്ടി ഘോഷിക്കുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴും അധികൃതര്‍ ഒരുക്കുന്നില്ല എന്നതാണ് സത്യം.
മഴ കനത്തു തുടങ്ങിയതോടെ മാലിന്യങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തില്‍ ചീഞ്ഞു നാറുന്ന അങ്ങാടിയില്‍ മരങ്ങള്‍ നട്ട് പരിസ്ഥിതി സംരംക്ഷിക്കുന്ന ഫോട്ടോ എടുപ്പിന്റെ തിരക്കിലാണ് പഞ്ചായത്തുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."