ആന്‍ഡി മുറെ ക്വാര്‍ട്ടറില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിള്‍സില്‍ മുന്‍നിര താരങ്ങള്‍ ക്വാര്‍ട്ടറില്‍. ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ അനായാസ വിജയത്തോടെ അവസാന എട്ടിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ക്രൊയേഷ്യയുടെ മരിന്‍ സിലിച്ച്, ജപ്പാന്റെ കെയ് നിഷികോരി എന്നിവരും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു.
തോമസ് ബെര്‍ഡിച്ചടക്കമുള്ള കരുത്തരെ അട്ടിമറിച്ച് മുന്നേറിയ റഷ്യയുടെ കരെന്‍ ഖചനോവിനെ അനായാസം മറികടന്നാണ് മുറെയുടെ മുന്നേറ്റം. പ്രീ ക്വാര്‍ട്ടറില്‍ മൂന്ന് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 6-3, 6-4, 6-4 എന്ന സ്‌കോറിനാണ് ബ്രട്ടീഷ് താരം വിജയിച്ചത്.
സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക ഫ്രാന്‍സിന്റെ ഗെയ്ല്‍ മോന്‍ഫില്‍സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം വിജയിച്ചത്. ആദ്യ രണ്ട് സെറ്റുകളില്‍ സ്വിസ് താരം വിയര്‍ത്തെങ്കിലും മൂന്നാം സെറ്റില്‍ വാവ്‌റിങ്ക അനായാസ വിജയം പിടിച്ചു. സ്‌കോര്‍: 7-5, 7-6 (9-7), 6-2.
ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ മറികടന്നാണ് ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന്റെ വിജയം. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടം അനായാസം സ്വന്തമാക്കാന്‍ സിലിച്ചിന് സാധിച്ചു. സ്‌കോര്‍: 6-0, 6-3.
സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെ പരാജയപ്പെടുത്തിയാണ് ജപ്പാന്റെ നിഷികോരി മുന്നേറിയത്. ആദ്യ സെറ്റ് ഒരു പോയിന്റ് പോലും വിട്ടുനല്‍കാതെ നേടി വെര്‍ഡസ്‌കോ കരുത്ത് കാട്ടിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളില്‍ നിഷികോരി ആധിപത്യം സ്ഥാപിച്ചു. അവസാന സെറ്റില്‍ ഒരു പോയിന്റ് പോലും നല്‍കാതെയാണ് ജപ്പാന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 0-6, 6-4, 6-4, 6-0.
നേരത്തെ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചും വിജയം സ്വന്തമാക്കിയിരുന്നു.
സ്പാനിഷ് താരം റാമോസ് വിനോലസിനെ 7-6 (7-5), 6-1, 6-3 എന്ന സ്‌കോറിനാണ് ദ്യോക്കോ വീഴ്ത്തിയത്. ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍ നാട്ടുകാരനായ കരെനോ ബുസ്റ്റയുമായും ദ്യോക്കോവിച് ഡൊമിനിക്ക് തീമുമായും ഏറ്റുമുട്ടും. വാവ്‌റിങ്ക- സിലിച്ച്, മുറെ- നിഷികോരി പോരാട്ടങ്ങളും ക്വാര്‍ട്ടറില്‍ അരങ്ങേറും.
വനിതാ സിംഗിള്‍സ് പോരാട്ടങ്ങളില്‍ റുമാനിയന്‍ താരം സിമോണെ ഹാലെപ്, ഉക്രൈന്‍ താരം എലിന സ്വിറ്റോലിന എന്നിവര്‍ അവസാന എട്ടിലെത്തി. ഹാലെപ് 6-1, 6-1 എന്ന സ്‌കോറിന് സ്പാനിഷ് താരം സുവാരസ് നവരോയെ അനായാസം വീഴ്ത്തി. ക്രൊയേഷ്യന്‍ താരം പെട്ര മാര്‍ട്ടിക്കിനെ 4-6, 6-3, 7-5 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് സ്വിറ്റോലിനയുടെ ക്വാര്‍ട്ടര്‍ പ്രവേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."