കൊണ്ടോട്ടിയിലെ മത്സ്യ മാര്‍ക്കറ്റ്; നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കുന്നത് നഗരസഭയുടെ പരിഗണനയില്‍
കൊണ്ടോട്ടി: പ്രതിസന്ധിയിലായ കൊണ്ടോട്ടി മൊത്തവിതരണ മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പ് നേരിട്ട് ഏറ്റെടുക്കുന്നത് നഗരസഭയുടെ പരിഗണനയില്‍. മത്സ്യ മാര്‍ക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി ചര്‍ച്ച ചെയ്ത കൗണ്‍സില്‍ യോഗത്തിലാണ് നേരിട്ട് ഏറ്റെടുക്കുന്നതിന് അഭിപ്രായം ഉയര്‍ന്നത്. പി.പി.പി അടിസ്ഥാനത്തില്‍ നിശ്ചിത കാലത്തേക്ക് മാര്‍ക്കറ്റ് നടത്തിപ്പ് വ്യക്തികള്‍ക്ക് കൊടുത്ത് പിന്നീട് നഗരസഭ ഏറ്റെടുക്കുക, നിലവിലെ കരാര്‍ അവസാനിക്കുന്നതോടെ നഗരസഭ ഏറ്റെടുത്ത് നേരിട്ട് മാര്‍ക്കറ്റ് നടത്തുക എന്നീ നിര്‍ദേശങ്ങളാണ് പ്രധാനമായും യോഗത്തില്‍ ഉയര്‍ന്നത്.
നേരത്തെ രണ്ട് ലക്ഷത്തിന് മുകളില്‍ മാത്രം ലേലം ചെയ്തുപോകാറുള്ള മാര്‍ക്കറ്റ് നടത്തിപ്പ് ഇത്തവണ 13 ലക്ഷത്തിന് മുകളിലാണ് ലേലത്തില്‍ പോയത്. മാര്‍ക്കറ്റ് നടത്തിയിരുന്നവര്‍ പുതുതായി ലേലം കൊണ്ടവര്‍ക്ക് സാധന സാമഗ്രികള്‍ മാറ്റി ഒഴിഞ്ഞുകൊടുത്തില്ല. മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മിക്കാതെ പുതുതായെടുത്തവര്‍ക്ക് മാര്‍ക്കറ്റ് നടത്തിക്കൊണ്ടുപോകാനുമാവില്ല.
മാര്‍ക്കറ്റ് നടത്തിപ്പ് നഗരസഭ ഏറ്റെടുക്കുകയാണെങ്കില്‍ നേട്ടങ്ങളേറെയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രദേശിക വികസനത്തിന് ലക്ഷങ്ങളുടെ വരുമാനം മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കും. മാത്രവുമല്ല കുത്തകവല്‍ക്കരണം ഇല്ലാതാകുന്നതോടെ കൂടുതല്‍ കച്ചവടക്കാര്‍ എത്തി മാര്‍ക്കറ്റ് സജീവമാവുകയും ചെയ്യും.
നിലവിലെ കരാര്‍ കാലാവധി കഴിഞ്ഞതിന് ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയൂള്ളുവെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."