തേയിലക്കുറ്റി തറച്ച് കണ്ണിന് പരുക്കേറ്റ കാട്ടുപോത്തിന് ചികിത്സ നല്‍കി
മൂന്നാര്‍: മൂന്നാറില്‍ തേയിലക്കുറ്റി കണ്ണില്‍ തറച്ച് ഗുരുതരമായി പരുക്കേറ്റ കാട്ടുപോത്തിന് ചികിത്സ നല്‍കി. കാട്ടുപോത്തിന് മയക്കുവെടി വച്ച് വീഴ്ത്തിയതിനു ശേഷമാണ് ചികിത്സ നല്‍കാനായത്. തേക്കടിയില്‍ നിന്നും എത്തിയ വിദഗ്ദ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്.
വെറ്റിനറി സര്‍ജന്‍ അബ്ദുള്‍ ഫത്താബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ നല്‍കിയത്. രണ്ടാഴ്ചയ്ക്കു മുമ്പ് പെരിയവര എസ്റ്റേറ്റിലുള്ള ചോലമല ഡിവിഷനു സമീപമാണ് കാട്ടുപോത്തിനെ പരുക്കേറ്റി നിലയില്‍ കണ്ടെത്തിയത്. അസഹ്യമായ വേദനയോടെ നാലു ദിവസത്തോളം പ്രദേശത്തു തന്നെ ചുറ്റിത്തിരിഞ്ഞിരുന്ന കാട്ടുപോത്തിന് കഴിഞ്ഞയാഴ്ച ചികിത്സ നടത്തുവാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിഫലമാകുകയായിരുന്നു. ഒരാഴ്ചയോളം നീരീക്ഷിച്ച ശേഷം രണ്ട് റൗണ്ട് മയക്കുവെടി വച്ച ശേഷം മയങ്ങിയ കാട്ടുപോത്തിന് ചികിത്സ നല്‍കുകയായിരുന്നു. ഒരു കണ്ണിന് കാഴ്ച ഭാഗികമായി നഷ്ടമാകുമെങ്കിലും മറ്റേക്കണ്ണിന് നല്ല കാഴ്ചശക്തിയുണ്ടെന്ന് സര്‍ജന്‍ അറിയിച്ചു. ദേവികുളം ഡി.എഫ്.ഒ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ദേവികുളം ഫോറസ്റ്റ് റെയിഞ്ച് ഓഫിസര്‍ സുധീഷ് കുമാര്‍, വെറ്റിനറി സര്‍ജന്‍ വി. സെല്‍വം എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പരുക്ക് ഭേദമാകുവാന്‍ ഇനിയും പത്തു ദിവസത്തോളം വേണ്ടി വരുമെന്ന് അധികൃതര്‍ അറിയിച്ചു. അതുവരെ കാട്ടുപോത്തിനെ നിരീക്ഷീക്കുന്നതിന് കെ.ഡി.എച്ച്.പി കമ്പനിയില്‍ നിന്ന് നാലു പേരെയും വനം വകുപ്പില്‍ നിന്ന് രണ്ടു പേരെയും നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."