ആ സ്വപ്നങ്ങളിലെന്നും ഇന്ത്യ-പാക് സൗഹൃദം
തിരൂര്‍: പാകിസ്താനിലെ രാഷ്ട്രീയ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച തിരൂര്‍ വൈലത്തൂര്‍ ചെലവില്‍ സ്വദേശി ബി.എം കുട്ടി എന്ന ബിയ്യാത്തില്‍ മുഹിയുദ്ദീന്‍ കുട്ടി ഇന്ത്യ-പാക് സൗഹൃദം എന്ന സ്വപ്നം എന്നും കാത്തുസൂക്ഷിച്ചിരുന്ന നേതാവ്. തിരൂരില്‍നിന്ന് പാകിസ്താനിലേക്ക് കുടിയേറി വര്‍ഷങ്ങളായെങ്കിലും ജന്മനാടുമായി ഊഷ്മളമായ ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ഓര്‍ത്തെടുക്കുന്നു. ബി.എം കുട്ടി 1948ലാണ് പാകിസ്താനിലെത്തുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യ - പാക് ബന്ധത്തെക്കുറിച്ചുള്ള പല തുറന്ന ചര്‍ച്ചകള്‍ക്കും അദ്ദേഹം വഴിയൊരുക്കി. പാകിസ്താന്‍ പൗരത്വം സ്വീകരിച്ചിരുന്നെങ്കിലും ജന്മനാടുമായ് അദ്ദേഹം നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
നാട്ടിലെ പഠനകാലത്ത് കേരള സ്റ്റുഡന്റ് ഫെഡറേഷന്‍പ്രവര്‍ത്തകനായിരുന്നു. തിരൂരിലും ചെന്നൈയിലും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുപ്പം പുലര്‍ത്തി. ഇടതുപക്ഷ ആഭിമുഖ്യമുള്ള പാകിസ്താനി അവാമി ലീഗ്, നാഷനല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, പാകിസ്താന്‍ നാഷനല്‍ പാര്‍ട്ടി എന്നിവയില്‍ പ്രവര്‍ത്തിച്ചിരുന്നു. ജി.ബി ബിസഞ്ചോ ബലൂചിസ്താന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവുമായിരുന്നു. പാകിസ്താന്‍ പീസ് കോയലിഷന്‍ സെക്രട്ടറി ജനറലും പാകിസ്താന്‍ ലേബര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയരക്ടറുമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 'സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍, എ പൊളിറ്റിക്കല്‍ ഓട്ടോബയോഗ്രഫി' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പ് ശരീരത്തിന്റെ വലതുവശം തളര്‍ന്നുപോയെങ്കിലും തോറ്റുകൊടുക്കാന്‍ അദ്ദേഹം തയാറായിരുന്നില്ലെന്നും'സിക്സ്റ്റി ഇയേഴ്‌സ് ഇന്‍ സെല്‍ഫ് എക്‌സൈല്‍, നോ റിഗ്രറ്റ്‌സ്' എന്ന ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനായില്ല എന്ന ഒറ്റ വിഷമം ബാക്കിവച്ചാണ് ബി.എം കുട്ടി യാത്രയായതെന്നും സഹോദരന്‍ പറഞ്ഞു.
പരേതയായ ബിര്‍ജിസ് ആണ് ഭാര്യ. മക്കള്‍: ജാവൈദ് മൊഹിയുദ്ദീന്‍, റൂബി, ഷാസിയ. സഹോദരങ്ങള്‍: ബീരാന്‍, മുഹമ്മദ് കുട്ടി, പാത്തുമ്മു, പരേതരായ മുഹമ്മദ്, മൂസ, കുഞ്ഞീന്‍ ഹാജി, അഹമ്മദ് കുട്ടി, ഖദിയക്കുട്ടി, മമ്മാദിയ. മൃതദേഹം കറാച്ചിയില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."