ദുരന്താഘാതങ്ങളെ മറികടക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍
തിരുവനന്തപുരം: സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ ഉള്‍പ്പെടെ തയാറാക്കുന്ന ഭവന സമുച്ചയങ്ങള്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്നത് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.
പ്രകൃതി ദുരന്താഘാതം മറി കടക്കാന്‍ ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിരുന്നു. ഭവനിര്‍മാണവും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, നാടിന്റെ സവിശേഷമായ പ്രകൃതിക്കനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുക എന്നീ രണ്ട് ഘടകങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ രീതിയാണ് അവലംബിക്കാന്‍ നോക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്‌കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കുകയാണ് പ്രധാനം.
കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരിങ്കല്ലിന്റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങള്‍ കൊണ്ടുതന്നെ) പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ രീതിയാണിത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.
സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാംപയിന്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."