ഇടയ്ക്കാട്ടിലെ മദ്യവില്‍പ്പനകേന്ദ്രം; പ്രതിഷേധം ശക്തമാക്കി ജനകീയ സമരസമിതി
ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ ഇടയ്ക്കാട് പാലമുക്കില്‍ പ്രവര്‍ത്തനമാരംഭിച്ച ബിവറേജസ് ഔട്ട് ലറ്റിനെതിരേ പ്രതിഷേധം ശക്തമാക്കി ജനകീയ സമരസമിതി. കേന്ദ്ര സര്‍ക്കാര്‍ അംബേദ്ക്കര്‍ ഗ്രാമമായി പ്രഖ്യാപിച്ചിട്ടുള്ളതും നിരവധി പട്ടികജാതി കോളനികള്‍ സ്ഥിതിചെയ്യുന്നതുമായ പ്രദേശത്താണ് ഈ മദ്യവില്‍പ്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. പട്ടികജാതി, പട്ടികവിഭാഗങ്ങളില്‍പ്പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ പ്രാദേശികവികാരം പരിഗണിക്കാതെയാണ് മദ്യവില്‍പ്പനശാല സ്ഥാപിച്ചതെന്ന് സമരസമിതി ആരോപിക്കുന്നു.
പോരുവഴി പഞ്ചായത്തിലെ 70 ശതമാനത്തോളം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ബംഗ്ലാവില്‍ വെസ്റ്റ് പദ്ധതിയുടെ പ്രവര്‍ത്തന കേന്ദ്രത്തിലാണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്നതും ആശങ്കയ്ക്കിടയാക്കുന്നു. ശാസ്താംകോട്ടയിലും ശൂരനാട് പാറക്കടവിലും കുന്നത്തൂര്‍ കൊല്ലാറയിലും പോരുവഴിയിലെ തന്നെ മറ്റൊരിടത്തും ഔട്ട്‌ലറ്റ് വേണ്ടെന്ന നിലപാടെടുത്ത സി.പി.എമ്മും ഡി.വൈ.എഫ്.ഐയും ഇടയ്ക്കാട് പാലമുക്കില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ പിന്നോക്കം പോയതെന്തെന്ന് വ്യക്തമാക്കണമെന്നും സമരസമിതി പറഞ്ഞു.
വീട്ടമ്മമാരുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് സമരം ശക്തിയാര്‍ജിച്ചിരിക്കുന്നത്. മദ്യ വില്‍പനശാല അടച്ചുപൂട്ടുന്നതു വരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞദിവസം ഒന്നാംഘട്ടമെന്ന നിലയില്‍ ഔട്ട്‌ലറ്റിനു മുന്നില്‍നടന്ന പ്രതിഷേധധര്‍ണ ആര്‍.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉല്ലാസ് കോവൂര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ രാജന്‍ജോര്‍ജ് അധ്യക്ഷത വഹിച്ചു. സന്തോഷ് ഇടയ്ക്കാട്, ചന്ദ്രശേഖരന്‍പിള്ള, ജേക്കബ് ഡാനിയേല്‍, സ്റ്റാന്‍ലി അലക്‌സ്, രാമചന്ദ്രന്‍ പ്ലാവിളയില്‍, ഫിലിപ്പ് എസ്, രതീഷ് ഇടയ്ക്കാട്, സിസ്റ്റര്‍ മരിയമാര്‍ട്ടിന്‍, ലേഖാബാബു, ആന്റണി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."