ഒടുവില്‍ എന്‍.ആര്‍.സിയെ തള്ളി ബി.ജെ.പി
ഗുവാഹത്തി: ന്യൂനപക്ഷസമുദായങ്ങളെ ലക്ഷ്യംവച്ച് അസമില്‍ പൗരത്വവിഷയം ആളിക്കത്തിച്ച സംഘ്പരിവാര്‍ ഒടുവില്‍ പൗരത്വപട്ടിക പുറത്തുവന്നതോടെ മലക്കം മറിഞ്ഞു. ന്യൂനപക്ഷ- ഭൂരിപക്ഷ വ്യത്യാസമില്ലാതെ 19 ലക്ഷം പേര്‍ പുറത്തായതിന് പിന്നാലെ പട്ടികയ്‌ക്കെതിരേ രംഗത്തുവന്നിരിക്കുകയാണ് സംഘ്പരിവാര്‍.
അന്തിമപട്ടിക പ്രസിദ്ധീകരിച്ച ഇന്നലെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പട്ടിക വിശ്വസിക്കില്ലെന്നും അതില്‍ തെറ്റുകളുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. പട്ടികയില്‍ പിഴവുകളുണ്ടെന്നും കൂടുതല്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ അതില്‍ നിന്ന് പുറത്താക്കേണ്ടതുണ്ടെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു. സംസ്ഥാനത്തെ ഓരോ വിദേശിയെയും പുറത്താക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം പാര്‍ട്ടി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മഴുവന്‍ കുടിയേറ്റക്കാരെയും ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ല. എന്നാല്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാതെ ചില ഇന്ത്യന്‍ പൗരന്‍മാരെങ്കിലും പുറത്താകാനും സാധ്യതയുണ്ട്. പൗരത്വപട്ടികയില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല, വിശ്വാസവുമില്ല. കരട് പട്ടിക പുറത്തുവന്നതോടെ തന്നെ തങ്ങള്‍ക്ക് പൗരത്വപട്ടികയിലുള്ള വിശ്വാസം നഷ്ടമായിരുന്നു. കാരണം യഥാര്‍ഥ ഇന്ത്യക്കാരും പുറത്തായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വപട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ഒരിക്കലൂടെ വെരിഫൈ ചെയ്യണമെന്നും ശര്‍മ ആവശ്യപ്പെട്ടു.
ഹിന്ദുക്കളെ പുറത്താക്കാനും മുസ്‌ലിംകളെ ഇവിടെ തന്നെ നിര്‍ത്താനുമുള്ള ഗൂഢാലോചനയാണ് പട്ടികയ്ക്കു പിന്നിലെന്ന് ബി.ജെ.പി എം.എല്‍.എ സിലാദിത്യ ദേവ് പറഞ്ഞു. എന്‍.ആര്‍.സി സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഏജന്‍സിക്ക് നല്‍കാതെ സ്വകാര്യ ഏജന്‍സിയെയായിരുന്നു ഇതിന്റെ ചുമതല ഏല്‍പ്പിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഹിന്ദുക്കളെ ബി.ജെ.പി സംരക്ഷിക്കും. അതിനാണ് പൗരത്വ ബില്ല്. അത് ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിരവധി ഇന്ത്യക്കാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അതില്‍ നിറയെ പിഴവുകളുണ്ടെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ തരണ്‍ ഗൊഗോയ് പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ പട്ടികയില്‍ നിന്ന് പുറത്തായത് പോലെ നിരവധി വിദേശികളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. യഥാര്‍ഥ ഇന്ത്യക്കാരായ നിരവധി പേര്‍, പ്രത്യേകിച്ച് ബംഗാളി ഹിന്ദുക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. പട്ടികയ്ക്ക് സംഭവിച്ച തെറ്റിനെ കുറിച്ച് ബി.ജെ.പി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തിമകരട് പട്ടികയില്‍ നിന്ന് 41 ലക്ഷം പേര്‍ നേരത്തെ പുറത്തുപോയപ്പോള്‍, ഇത് ബി.ജെ.പിയുടെ നേട്ടമായിട്ടാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രഖ്യാപിച്ചത്. എല്ലാ വിദേശികളെയും പുറത്താക്കുമെന്നും അന്ന് അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുറത്താക്കപ്പെട്ടവരില്‍ കൂടുതല്‍ പേരും ഹിന്ദുക്കളായിരുന്നുവെന്ന് അമിത്ഷാ അറിഞ്ഞിരുന്നില്ല- ഗൊഗോയ് പറഞ്ഞു.
രണ്ടുവര്‍ഷം മുന്‍പ് കരട് പട്ടിക പുറത്തുവന്നപ്പോള്‍ 41 ലക്ഷം പേരായിരുന്നു അതില്‍ നിന്നു പുറത്തുപോയത്. അതില്‍ പകുതിയോളം ബംഗാളി ഹിന്ദുക്കളായിരുന്നു. ഇതോടെ പട്ടികയില്‍ പേരുള്ള ഓരോ കേസും വീണ്ടും വെരിഫിക്കേഷന്‍ ചെയ്യണമെന്ന് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പിയും ആവശ്യപ്പെട്ടുവരികയായിരുന്നു.
സര്‍ക്കാര്‍ ഈയാവശ്യം സുപ്രിംകോടതിയില്‍ ഉന്നയിച്ചുവെങ്കിലും കോടതി നിരസിക്കുകയാണുണ്ടായത്. പുതിയ സാഹചര്യത്തില്‍ ഇതേ ആവശ്യം വീണ്ടും സുപ്രിംകോടതിയില്‍ ഉന്നയിക്കുമെന്ന് എന്‍.ആര്‍.സിക്കു വേണ്ടി തുടക്കംമുതല്‍ നിലകൊണ്ട ഓള്‍ അസം സ്റ്റുഡന്റ് യൂനിയന്‍ (ആസു) അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."