വിശുദ്ധ റമദാന്‍ മനുഷ്യനന്മക്ക്
ലോക സ്രഷ്ടാവായ അള്ളാഹു മനുഷ്യ സമൂഹത്തിന്റെ വിജയത്തിനും നന്മക്കും വേണ്ടി വൈവിധ്യമാര്‍ന്ന കര്‍മങ്ങള്‍ ആരാധനകളായി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒരു ആരാധനയാണ് നോമ്പ്. മനുഷ്യന് ഭൗതികമായും ആത്മീയമായും അവന്റെ ശരീരത്തിനും മനസിനും നന്മ പ്രവര്‍ത്തിക്കാനും ചിന്തിക്കാനുമുള്ള ഊര്‍ജം വ്രതത്തിലൂടെ കൈവരിക്കാന്‍ സാധിക്കും.
വിശുദ്ധ റമദാനിനെ മൂന്ന് ഭാഗങ്ങളായി പഠിപ്പിച്ചു നബി (സ). ഒന്ന് കാരുണ്യത്തിന്റെ പത്ത്. സഹജീവികളോടും മനുഷ്യരോടും കാരുണ്യത്തിന് മനുഷ്യന്‍ പ്രത്യേകം വര്‍ഷത്തിലൊരിക്കല്‍ പരിശീലനം നല്‍ക്കുന്നു. രണ്ടാമത്തെ പത്ത് പാപമോചനത്തിന്റേതാണ്. സാഹചര്യത്തിന് അടിമപ്പെട്ടോ ശാരീരിക ആവശ്യങ്ങള്‍ക്ക് വഴങ്ങിയോ പിശാചിന്റെ പ്രേരണക്ക് വിധേയമായോ മനുഷ്യനില്‍ നിന്ന് വല്ലതും സംഭവിച്ച് പോയാല്‍ താന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന നെഗറ്റീവ് ചിന്താഗതിയിലൂടെ അക്രമപ്രവര്‍ത്തനങ്ങളിലും തിന്മകളിലും ലയിച്ച് ചേര്‍ന്ന് തന്റെ ശിഷ്ട ജീവിതം തനിക്കും സമൂഹത്തിനും ഭാരമാക്കുന്ന പ്രവണത ഇല്ലാതാക്കി മന:ശാസ്ത്രപരമായ ഇടപെടലാണ് പ്രവാചകര്‍ (സ) ഈ പാപമോചനത്തിന്റെ പത്തിലൂടെ നടത്തുന്നത്. മുന്‍കഴിഞ്ഞ ദോഷങ്ങളില്‍ പശ്ചാത്തപിച്ച് ശിഷ്ടജീവിതം സമ്പൂര്‍ണമായി തനിക്കും സമൂഹത്തിനും നന്മ കൈവരുന്ന രൂപത്തി ലാവണമെന്ന് ഇതിലൂടെ പഠിപ്പിക്കുന്നു. തൗബ (പശ്ചാതാപം) യിലൂടെ മന:ശാസ്ത്രപരമായി വലിയ പോസിറ്റിവ് എനര്‍ജിയാണ് മനുഷ്യന്‍ സമ്പാദിക്കുന്നത്.
മൂന്നാമത്തെ പത്ത് നരകമോചനത്തിന്റേതാണ്. യഥാര്‍ഥത്തില്‍ സ്രഷ്ടാവിന്റെ കാരുണ്യം കൊണ്ടാണ് പാപമോചനവും സ്വര്‍ഗപ്രവേശനവും ലഭ്യമാക്കുന്നത് ഇവിടെ അവസാനത്തെ പത്തിലൂടെ മനുഷ്യന്റെ ശിഷ്ട ജീവിതം മുഴുവന്‍ മനുഷ്യജീവികള്‍ക്കും സഹജീവികള്‍ക്കും കാരുണ്യവും സ്‌നേഹവും നല്‍കി സ്വന്തത്തെയും അവരെയും നന്മയുടെ വഴികളിലേക്ക് നയിക്കണമെന്നും വീണ്ടും ഉണര്‍ത്തുകയാണ്. കാരണം നരകമോചനവും സ്വര്‍ഗ പ്രവേശനവും സ്രഷ്ടാവായ അല്ലാഹുവിന്റെ റഹ്മത്ത് (കാരുണ്യം) കൊണ്ടാണ് മനുഷ്യന് ലഭിക്കുന്നത്.
മനുഷ്യന്റെ ശാരീരിക താല്‍പര്യങ്ങളെ നിയന്ത്രിച്ച് തിന്മകളില്‍ നിന്ന് സമ്പൂര്‍ണമായി അകന്ന് സ്രഷ്ടാവിന്റെ തൃപ്തി നഷ്ടപെടരുതെന്ന ദൃഢനിശ്ചയത്തോടെ മനുഷ്യന്‍ ജീവിക്കണം. അതിന് നമ്മെ പാകപ്പെടുത്താന്‍ അള്ളാഹു സമ്മാനിച്ച മാസമാണ് റമദാന്‍. നമ്മുടെ മനസിനും അവയവങ്ങള്‍ക്കും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തി ഇലാഹി സ്മരണ നിലനിര്‍ത്തി ആത്മീയതയുടെ യഥാര്‍ഥ സത്ത കൈവരിക്കാന്‍ നാം പരിശ്രമിക്കണം.
( ബേപ്പൂര്‍ ഖാസിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."