കൂടുതല്‍ വഷളായി പാലായിലെ പോര്: തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കും, യുഡി.എഫ് ഇടപെടണമെന്നും ആവശ്യം: കൂവി വിളിച്ചവര്‍ക്കെതിരേ പൊലിസില്‍ പരാതി
പാലാ: പാലായില്‍ കേരള കോണ്‍ഗ്രസിലെ പോര് കൂടുതല്‍ വഷളാകുന്നു. പി.ജെ ജോസഫിനെ കൂവിവിളിച്ചതിനുപുറമേ പാര്‍ട്ടി മുഖപത്രത്തില്‍ വന്ന ലേഖനവുമാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്. യു.ഡി.എഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ് വിഭാഗം നേതാക്കള്‍ക്കെതിരേ പൊലിസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പി.ജെ ജോസഫിനെ അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അറിയിച്ചു.
പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് പി.ജെ ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തരമായി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഇത് ശരിവെക്കുന്ന പ്രതികരണമാണ് പി.ജെ ജോസഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
പാലായില്‍ ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രത്യേകമായി പ്രചാരണം നടത്തുമെന്നുമാണ് ജോസഫ് പ്രതികരിച്ചത്. പ്രതിഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലും കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ജോസ് കെ. മാണി വിഭാഗത്തിലെ നേതാക്കള്‍ക്ക് എതിരെ പരാതി നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
എന്നാല്‍ ജോസഫ് വിഭാഗം പ്രചാരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കരുതുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."