ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്; കേരളത്തിന് മൂന്ന് സ്വര്‍ണം
ലഖ്‌നൗ: ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് മൂന്ന് സ്വര്‍ണമടക്കം നാല് മെഡലുകള്‍. പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ സ്വര്‍ണവും വെള്ളിയും കേരളം സ്വന്തമാക്കിയപ്പോള്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സിലും പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലുമാണ് മറ്റ് സുവര്‍ണ നേട്ടങ്ങള്‍.
പോള്‍ വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡുകാരിയായ മരിയ ജെയ്‌സനാണ് കേരളത്തിന് സ്വര്‍ണം സമ്മാനിച്ചത്. 3.50 മീറ്റര്‍ താണ്ടിയാണ് താരത്തിന്റെ നേട്ടം. ഈയിനത്തിലെ മീറ്റ് റെക്കോര്‍ഡും ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുള്ള മരിയക്ക് അത് രണ്ടും മെച്ചപ്പെടുത്താന്‍ സാധിച്ചില്ല. 2015ല്‍ 3.65 മീറ്റര്‍ താണ്ടി മീറ്റ് റെക്കോര്‍ഡും 3.70 താണ്ടി ദേശീയ റെക്കോര്‍ഡും മരിയ കുറിച്ചിരുന്നു. ഈയിനത്തില്‍ കേരളത്തിനായി വെള്ളി നേടി അഞ്ജലി ഫ്രാന്‍സിസും തിളങ്ങി. 3.10 മീറ്ററാണ് അഞ്ജലി പിന്നിട്ടത്. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനായി സച്ചിന്‍ ബിനുവാണ് സ്വര്‍ണം നേടിയത്. 14.44 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ 48.02 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ സുവര്‍ണ നേട്ടത്തിനുടമകളായത്.
ആദ്യ ദിനത്തില്‍ കേരളത്തിന് ആശ്വാസമായത് ടി ആരോമല്‍ നേടിയ വെള്ളി മെഡലായിരുന്നു. ആദ്യ ദിവസത്തില്‍ കേരളത്തിന്റെ ഏക മെഡല്‍ നേട്ടവും ഇതുതന്നെ. 2.05 മീറ്റര്‍ താണ്ടിയാണ് താരം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
പെണ്‍കുട്ടികളുടെ ഹൈ ജംപില്‍ 25 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് അസം താരം ലെയിംവന്‍ നര്‍സരി രണ്ടാം ദിനത്തില്‍ താരമായി. മലയാളി താരം ബോബി അലോഷ്യസ് 1992ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇപ്പോള്‍ വഴിമാറിയത്. ബോബി അലോഷ്യസ് കുറിച്ച 1.75 മീറ്ററിന്റെ റെക്കോര്‍ഡ് അസം താരം 1.77 ആയി മെച്ചപ്പെടുത്തിയാണ് നേട്ടത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."