സി.പി.എം അതിക്രമത്തിന് പൊലിസ് കൂട്ടുനില്‍ക്കുന്നു: യൂത്ത് ലീഗ്
വടകര : തിരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്്‌ലിംലീഗ് ഓഫിസുകള്‍ക്കും വീടുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയുള്ള സി.പി.എം അതിക്രമത്തിന് പൊലിസ് കുടപിടിക്കുന്നതായി യൂത്ത് ലീഗ്.
തിരുവള്ളൂര്‍ തോടന്നൂര്‍ പ്രദേശങ്ങളില്‍ പൊലിസിന്റെ സാന്നിധ്യത്തില്‍ ലീഗ് ഓഫിസുകള്‍ക്കു നേരെ അക്രമമുണ്ടാകുമ്പോള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കൂന്ന രീതിയിലാണ് പൊലിസിന്റെ പ്രവര്‍ത്തനമെന്ന് യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തിരുവള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന മുസ്്‌ലിംലീഗ് മണ്ഡലം ഓഫിസ് രണ്ട് തവണയാണ് അക്രമിക്കപ്പെട്ടത്. അടിച്ചു തകര്‍ത്ത ഓഫിസ് പിന്നീട് ബോംബെറിഞ്ഞ് തകര്‍ക്കുകയും ചെയ്തു. ഈ സംഭവങ്ങളിലെ പ്രതികളായ സി.പി.എമ്മുകാരെ പിടിക്കുന്നതിന് പകരം മുസ്്‌ലിംലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ അതിക്രമിച്ചു കയറി ഭയാനക അന്തരീക്ഷം സൃഷ്ടിക്കുകയാണ് പൊലിസ് ചെയ്യുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവും പൊതു പ്രവര്‍ത്തകനുമായ കണ്ടിയില്‍ അബ്ദുല്ലയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പൊലിസ് നരനായാട്ടാണ് നടത്തിയത്.
ജനല്‍ ചില്ലുകള്‍ അടിച്ചു പൊളിച്ചതിന് ശേഷം വാതില്‍ കുത്തിയിളക്കാന്‍ ശ്രമം നടത്തി. നിരപരാധികളായ ചെറുപ്പക്കാരെ തീവ്രവാദികളെ വേട്ടയാടുന്നതിന് സമാനമായാണ് പൊലിസ് പിടികൂടുന്നത്.
കണ്ടിയില്‍ അബ്ദുല്ലയുടെ വീടിന് സമീപത്തെ പുതിയോട്ടില്‍ പൊയില്‍ സമീറയുടെ വീട്ടിലും ഭീകരമായ അതിക്രമമാണ് പൊലിസ് നടത്തിയത്. മുന്‍വശത്തെ വാതിലിന്റെ പൂട്ട് അടിച്ചു പൊളിച്ച പൊലിസ് വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തു. ഒരേസമയം സി.പി.എമ്മുകാരുടെയും പൊലിസിന്റെയും അതിക്രമം നേരിടേണ്ട ദുരവസ്ഥയാണ് മുസ്‌ലിംലീഗുകാര്‍ക്കുള്ളത്.
സമാധാന പ്രവര്‍ത്തനങ്ങളെ സി.പി.എം വകവെക്കുന്നില്ലെന്ന് യൂത്ത് ലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. മുസ്്‌ലിംലീഗിന്റെ പഞ്ചായത്ത് ഓഫിസ് ബോംബെറിഞ്ഞതിന് ശേഷം തീവെച്ച് തകര്‍ക്കപ്പെട്ടത് സമാധാന യോഗം കഴിഞ്ഞയുടനെയാണ്. മഗ്‌രിബ് നിസ്‌കാരം നടക്കുന്ന സമയത്താണ് ഓഫിസിനു നേരെ ആസൂത്രിത അക്രമമുണ്ടായത്. മുസ്്‌ലിംലീഗ് പഞ്ചായത്ത് ഓഫിസ് അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ മുസ്്‌ലിംലീഗ് നേതാക്കള്‍ പൊലിസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
എന്നാല്‍ പൊലിസ് സാന്നിധ്യത്തില്‍ തന്നെ ഓഫിസ് അക്രമിപ്പെടുകയായിരുന്നു. ഇതിനെ കുറിച്ച് പൊലിസിനോട് അന്വേഷിച്ചപ്പോള്‍ വടിവാള്‍ വീശി സി.പി.എമ്മുകാര്‍ ലീഗ് ഓഫിസ് തകര്‍ക്കാന്‍ എത്തിയപ്പോള്‍ തങ്ങള്‍ ഭയപ്പെട്ടു പോയെന്നും അതിനാല്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമാണ് പൊലിസ് പറഞ്ഞതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് മുസ്്‌ലിംലീഗ് പിന്തുണ നല്‍കുമ്പോള്‍ സമാധന ശ്രമങ്ങളെ അട്ടിമറിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.
അതിക്രമങ്ങള്‍ക്കെതിരേ പക്ഷംചായാതെ നടപടി സ്വീകരിക്കേണ്ട പൊലിസ് സി.പി.എമ്മുകാര്‍ക്ക് ഒത്താശ ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.
അക്രമികളായ സി.പി.എം ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നിരപരാധികളായ യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവര്‍ത്തകരെ പിടിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു. പൊലിസിലുള്ള വിശ്വാസം പൂര്‍ണമായും നഷ്ടപ്പട്ട സാഹചര്യമാണ് നിലനിലനില്‍ക്കുന്നതെന്നും നിഷ്പക്ഷമായി ജോലി ചെയ്യുന്ന പൊലിസിനെയാണ് നാടിന് ആവശ്യമെന്നും യൂത്ത്‌ലീഗ് നേതാക്കള്‍ വ്യക്തമാക്കി.
സി.പി.എമ്മിന്റെ നരനായാട്ടിനും അതിക്രമത്തിന് ചൂട്ടുപിടിക്കുന്ന പൊലിസ് നിലപാടിലും പ്രതിഷേധിച്ച് ബുധനാഴ്ച 4 മണിക്ക് തിരുവള്ളൂരില്‍ പ്രതിഷേധ സംഗമം സഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അറിയിച്ചു.
പൊലിസിന്റെയും സിപിഎമ്മിന്റെയും അതിക്രമത്തെ നിയമപരമായും ജനകീയമായും നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്് സാജിദ് നടുവണ്ണൂര്‍, ജില്ലാ ട്രഷറര്‍ പി.പി റഷീദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി ജാഫര്‍, കെ.ടി അബ്ദുറഹിമാന്‍, എം.പി ഷാജഹാന്‍, എഫ്.എം മുനീര്‍, റഫീഖ് മലയില്‍, സി.എ നൗഫല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."