ബലാത്സംഗക്കാരെ പരസ്യമായി വധിക്കണമെന്ന് മന്ത്രി കപില്‍ മിശ്ര
ന്യൂഡല്‍ഹി: ബലാത്സംഗക്കാരെ പരസ്യമായി വെടിവച്ച് കൊല്ലണമെന്ന് ആം ആദ്മി മന്ത്രി. ഇത്തരക്കാരെ ഭീകരരായി കണക്കാക്കി പൊതുജന മധ്യത്തില്‍ കൊലപ്പെടുത്തണമെന്നാണ് ഡല്‍ഹി സാംസ്‌കാരിക മന്ത്രിയും ആപ് നേതാവുമായ കപില്‍ മിശ്ര പറഞ്ഞത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അതിക്രമങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ആയുധ പരിശീലനം നല്‍കാനും ആയുധങ്ങള്‍ കൈവശം വയ്ക്കാനും അംഗീകാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ബുലന്ദ് ശഹര്‍ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് തന്റെ ബ്ലോഗിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. തങ്ങളെ ആക്രമിക്കാന്‍ വരുന്നവരെ കൊലപ്പെടുത്താന്‍ അവരെ അനുവദിക്കണം.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥയായെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പ്രായപൂര്‍ത്തിയാകാത്ത 450 പെണ്‍കുട്ടികളാണ് തലസ്ഥാന നഗരത്തില്‍ പീഡിപ്പിക്കപ്പെട്ടത്. താന്‍ വളരെക്കാലമായി വധശിക്ഷക്കെതിരായിരുന്നു. എന്നാല്‍ ബലാത്സംഗം ചെയ്യുന്നവരെ ഭീകരരായി കണക്കാക്കണമെന്നാണ് തന്റെ അഭിപ്രായം. അതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും കപില്‍ മിശ്ര പറഞ്ഞു. ബുലന്ദ് ശഹര്‍ ബലാത്സംഗ കേസിലെ പ്രതികളെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വധിക്കണം. ബലാത്സംഗ കേസിലെ പ്രതികളെ ശിക്ഷിക്കുന്നതിന് പ്രായം ഒരു തടസമാകരുത്. ബലാത്സംഗം ചെയ്യാന്‍ കഴിയുന്ന പ്രായപൂര്‍ത്തി ആകാത്തവരെ മുതിര്‍ന്നവരായി കണക്കാക്കി പരമാവധി ശിക്ഷ നല്‍കണം. ബലാത്സംഗം ചെയ്യുന്നവരുടേയും സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടേയും പേരുവിവരങ്ങള്‍ പുറത്തുവിടണമെന്നും മിശ്ര പറഞ്ഞു. ആപ്പിന്റെ കാരവല്‍ നഗറില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മിശ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."