ധൈര്യമുണ്ടോ ഉത്തരവാദി താനാണെന്നു പറയാന്‍?
വിലക്കപ്പെട്ട കനിയിലേക്ക് അടുക്കരുതെന്നാണ് ആദം നബിയോട് അല്ലാഹു കല്‍പിച്ചത്. ആദം നബിക്കുമുന്‍പില്‍ സാഷ്ടാംഗം നമിക്കണമെന്നാണ് സാത്താനോട് അല്ലാഹു കല്‍പിച്ചത്. ഒരാളോട് ഒരു കാര്യം ചെയ്യരുതെന്നു പറഞ്ഞപ്പോള്‍ രണ്ടാമനോട് ഒരു കാര്യം ചെയ്യണമെന്നു പറഞ്ഞു. ചുരുക്കിപ്പറയാം, കല്‍പന രണ്ടുപേരും ലംഘിച്ചു. ആദം വിലക്കപ്പെട്ട കനി കഴിച്ചു. സാത്താന്‍ സാഷ്ടാംഗം നമിക്കാന്‍ വിസമ്മതിച്ചു.
ലോകചരിത്രത്തിലെ ആദ്യത്തെ രണ്ടു പാപങ്ങള്‍..
പക്ഷേ, രണ്ടും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു. താന്‍ ചെയ്യുന്നതു തെറ്റാണെന്ന് സാത്താന് അറിയാമായിരുന്നു. താന്‍ ചെയ്യുന്നത് തെറ്റാണെന്ന് ആദം നബിക്ക് അറിയില്ലായിരുന്നു. സാത്താന്‍ ബോധപൂര്‍വം തെറ്റു ചെയ്തു; ആദം നബി അബോധപൂര്‍വവും. അതിനാല്‍ സാത്താന്‍ പാപിയാണ്; ആദം നബി പാപരഹിതനും.
ഇനി തങ്ങളില്‍നിന്നുണ്ടായ പാപത്തെ ഇരുവരും എങ്ങനെ സമീപിച്ചു എന്നതാണു പരിശോധിക്കേണ്ടത്. അറിയാതെ പാപം വന്നുപോയപ്പോള്‍ ആദം നബി ഇങ്ങനെ കരഞ്ഞു പ്രാര്‍ഥിച്ചു: ''സ്വന്തത്തോടുതന്നെ ഞങ്ങള്‍ അക്രമം ചെയ്തുപോയി. നീ പൊറുക്കുകയും കരുണ വര്‍ഷിക്കുകയും ചെയ്യുന്നില്ല എങ്കില്‍ ഞങ്ങള്‍ സര്‍വനഷ്ടം വന്നവരായിപ്പോവുക തന്നെ ചെയ്യും, തീര്‍ച്ച.''(ഖുര്‍ആന്‍-7: 23)
ബോധപൂര്‍വം പാപം ചെയ്ത സാത്താന്‍ അല്ലാഹുവിനോട് ഇങ്ങനെ പറഞ്ഞു: ''നീ എന്നെ വഴി തെറ്റിച്ചതിനാല്‍ നിന്റെ ഋജുവായ പന്ഥാവില്‍ ആളുകള്‍ പ്രവേശിക്കുന്നതു തടുക്കാനായി ഞാന്‍ കാത്തിരിക്കുകയും അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ഇടംവലം ഭാഗങ്ങളിലൂടെയും ഞാനവരെ സമീപിക്കുകയും ചെയ്യും, തീര്‍ച്ച.''(ഖുര്‍ആന്‍ 7: 16, 17)
ആദം നബി പറഞ്ഞത് 'ഞങ്ങള്‍ അക്രമം ചെയ്തുപോയി' എന്നാണ്. സാത്താന്‍ പറഞ്ഞത് 'നീ എന്നെ വഴിതെറ്റിച്ചതിനാല്‍..' എന്നാണ്. തന്നില്‍നിന്നു വന്നുപോയ പാപത്തിന്റെ ഉത്തരവാദിത്തം ഒരാളിലും കെട്ടിവയ്ക്കാന്‍ ആദം നബി തയാറായില്ല. ഉത്തരവാദിത്തം ധീരതയോടെ ഏറ്റെടുത്തു. വേണമെങ്കില്‍ സാത്താന്‍ എന്നെ വഴിപിഴപ്പിച്ചതാണെന്നു പറഞ്ഞു രക്ഷപ്പെടാമായിരുന്നു. സത്യത്തില്‍ അതാണല്ലോ സംഭവിച്ചത്. എന്നിട്ടും അതു ചെയ്തില്ല. അതേസമയം സാത്താന്‍ മനഃപൂര്‍വം പാപം ചെയ്തവനാണ്. എന്നിട്ടും അവന്‍ പാപത്തിന്റെ ഉത്തരവാദിത്തം ദൈവത്തില്‍ കെട്ടിവച്ചു രക്ഷപ്പെടാന്‍ നോക്കി. 'ഞാന്‍ വഴിതെറ്റിപ്പോയതുകൊണ്ട് ' എന്നല്ല, 'നീയെന്നെ വഴി തെറ്റിച്ചതിനാല്‍' എന്നാണവന്‍ പറഞ്ഞത്.
അപ്പോള്‍ എന്തെങ്കിലും അബദ്ധങ്ങള്‍ വന്നുപോയാല്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നത് പ്രവാചകസ്വഭാവമാണെന്നു പറയാം. ഉത്തരവാദിത്തം മറ്റുള്ളവരില്‍ കെട്ടിവച്ചു തടിതപ്പുക എന്നത് പൈശാചികസ്വഭാവവുമാണെന്നു പറയാം. തിന്മ അനാഥമായി കിടക്കുമ്പോള്‍ നന്മയ്ക്ക് പിതാക്കളനേകമുണ്ടാകുമെന്നു പറയാറുണ്ട്. ആ തെറ്റ് താനാണു ചെയ്തതെന്നു പറയാന്‍ വളരെ തുച്ഛമാളുകളേ മുന്നോട്ടുവരൂ. എന്നാല്‍ ആ നന്മ ചെയ്തത് താനാണെന്നു പറയാന്‍ എത്രയെത്രയാളുകള്‍...!
സ്തുത്യര്‍ഹമായ എന്തെങ്കിലുമൊരു പദ്ധതി യാഥാര്‍ഥ്യമായാല്‍ ഭരണപക്ഷം പറയും; അതു ഞങ്ങളാണ് യാഥാര്‍ഥ്യമാക്കിയത്. പ്രതിപക്ഷം പറയും; ആ പദ്ധതിക്ക് ഞങ്ങള്‍ ഭരിച്ചിരുന്ന കാലത്താണു തുടക്കമായത്. അതേസമയം സര്‍ക്കാരിനു ഭീമമായ കടബാധ്യത വന്നുപെട്ടാല്‍ ഭരണപക്ഷം പറയും; അതു മുന്‍സര്‍ക്കാര്‍ ഉണ്ടാക്കിവച്ച ബാധ്യതയാണ്. പ്രതിപക്ഷം പറയും; അതു ഭരണപക്ഷത്തിന്റെ കുഴപ്പം കൊണ്ടു സംഭവിച്ചതാണ്.
അബദ്ധത്തിന്റെ ഉത്തരവാദിത്തം മറ്റുള്ളവരില്‍ കെട്ടിവയ്ക്കാന്‍ ആര്‍ക്കും കഴിയും. അതിനു പ്രത്യേകമായൊരു കഴിവും വേണ്ടാ. ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാനാണു കഴിവും മികവും വേണ്ടത്. അതാണു ധീരത. ആ ധീരത പ്രകടിപ്പിക്കാന്‍ കഴിയുന്നവരില്‍നിന്നു ഗുണങ്ങള്‍ പ്രതീക്ഷിക്കാം. അബദ്ധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവര്‍ ആ അബദ്ധം തിരുത്താന്‍ സന്നദ്ധമാകും. മറ്റുള്ളവരില്‍ കെട്ടിവയ്ക്കുന്നവര്‍ അതൊരിക്കലും തിരുത്തില്ലെന്നു മാത്രമല്ല, വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്യും. ആദം നബി തിരുത്തി. പിന്നീടൊരിക്കലും അതിലേക്കു മടങ്ങിയില്ല. സാത്താന്‍ തിരുത്തിയില്ല. പിന്നീട് നിരന്തരം പിഴച്ച മാര്‍ഗത്തില്‍ തന്നെ കഴിഞ്ഞുപോന്നു.
യാത്രാമധ്യേ വഴിതെറ്റിപ്പോയാല്‍ വഴി തെറ്റിയിടത്തുനിന്ന് നേര്‍വഴിക്കു തന്നെ തിരിച്ചുപോരലാണു പരിഹാരമാര്‍ഗം. അല്ലാതെ സഹയാത്രികനോടു നീയാണ് എല്ലാം കുളമാക്കിയത് എന്നു പറഞ്ഞു തെറ്റിയ വഴിക്കുതന്നെ യാത്ര തുടരലല്ല. ആ വിഡ്ഢിത്തമാണ് സാത്താന്‍ അനുവര്‍ത്തിച്ചത്.
തിന്മ വന്നുപോയാല്‍ അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു തിരുത്താന്‍ ശ്രമിക്കലാണ് അതു നീക്കം ചെയ്യാനുള്ള പരിഹാരമാര്‍ഗം. മറ്റുള്ളവരില്‍ കെട്ടിവച്ചാല്‍ അതെങ്ങനെ പരിഹാരമായി മാറും? ദുരന്തം വരുമ്പോള്‍ അതു നീക്കം ചെയ്യാന്‍ നോക്കാതെ അവനവന്റെ ഇമേജ് നഷ്ടപ്പെടാതെ നോക്കുകയാണോ വേണ്ടത്? സര്‍ക്കാരിനു കടബാധ്യത വന്നിട്ടുണ്ടെങ്കില്‍ അതുടന്‍ വീട്ടാന്‍ നോക്കുകയല്ലാതെ തങ്ങളുടെ മുഖം രക്ഷിക്കാനാണോ ഭരണപക്ഷം ശ്രമിക്കേണ്ടത്? രാജ്യം പ്രതിസന്ധിയിലേക്കു നീങ്ങുമ്പോള്‍ മുഖം മിനുക്കിയും മുഖം രക്ഷിച്ചും നടന്നാല്‍ പ്രതിസന്ധി ശക്തമാവുകയേ ഉള്ളൂ.
അബദ്ധം വന്നുപോയിട്ടുണ്ടെങ്കില്‍ അതെന്റെ ഭാഗത്തുനിന്നു സംഭവിച്ചുപോയതാണെന്നു പറഞ്ഞു തിരുത്താന്‍ ശ്രമിച്ചുനോക്കൂ, നിങ്ങളെ ലോകം വാഴ്ത്തും. നിങ്ങളുടെ മുഖം മിനുങ്ങുകയും ചെയ്യും. അതവന്റെ കുഴപ്പമാണെന്നു പറഞ്ഞു കൈയൊഴിഞ്ഞാല്‍ പ്രത്യേകിച്ചൊരു പ്രതാപവും അതുവഴി വര്‍ധിക്കില്ല. പ്രതാപം വര്‍ധിപ്പിക്കുന്ന കാര്യവും വര്‍ധിപ്പിക്കാത്ത കാര്യവുമുണ്ടെങ്കില്‍ വര്‍ധിപ്പിക്കുന്നതിനെ സ്വീകരിക്കലല്ലേ ഉത്തമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."