വിഴിഞ്ഞത്തേക്ക് ലോകത്തെ വലിയ മദർഷിപ്പുകൾ; മൂന്നുമാസത്തിനകം എത്തുന്നത് 23 കൂറ്റൻ കപ്പലുകൾ
തിരുവനന്തപുരം: ഈമാസവും ഏപ്രിൽ, മെയ് മാസങ്ങളിലുമായി ലോകത്തിലെ ഏറ്റവും വലിയ മദർ ഷിപ്പുകൾ വിഴിഞ്ഞം തുറമുഖത്തെത്തും. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ജേഡ് ചരക്ക് റൂട്ടിൽ വിഴിഞ്ഞത്തെയും ഉൾപ്പെടുത്തിയതോടെയാണിത്. ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി) മദർഷിപ്പുകളാണ് ലോകത്തേറ്റവും വലുതെന്നറിയപ്പെടുന്നത്. ഇതിൽ തന്നെ എം.എസ്.സി ഐറിനയാണ് വലുത്. മെയ് 24നാണ് ഐറിന എത്തുന്നത്.
എം.എസ്.സിയുടെ ജേഡ് സർക്യൂട്ടിലുള്ള ആദ്യ കപ്പൽ വിഴിഞ്ഞത്തു നിന്നാണ് സർവിസ് പുറപ്പെടുന്നത്. വെള്ളിയാഴ്ച എം.എസ്.സി മിയ എന്ന കൂറ്റൻ മദർഷിപ്പ് യൂറോപ്പിനെ ലക്ഷ്യമാക്കി ചരക്കുമായി പുറപ്പെടും. ഇതോടെ യൂറോപ്പിൽ നിന്ന് കേരളത്തിലേക്കും കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും നേരിട്ട് ചരക്കെത്തിക്കാൻ കഴിയുമെന്നത് വ്യാപാരികൾക്ക് വൻ നേട്ടമാണ് ഉണ്ടാക്കുക.
ഇതുവരെ സിംഗപ്പൂർ, കൊളംബോ തുറമുഖങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യയിലേക്കുള്ള ചരക്കുകൾ എത്തിയിരുന്നത്.
വിഴിഞ്ഞം ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായതിനാൽ ഇവിടെയെത്തുന്ന ചരക്ക് ചെറു കപ്പലുകളിൽ രാജ്യത്തെ മറ്റ് തുറമുഖങ്ങളിലെത്തിക്കും. റോഡ്, റെയിൽ സൗകര്യങ്ങൾ പൂർത്തിയാകുന്നതോടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറും.
എം.എസ്.സി തുർക്കിയെ ഏപ്രിൽ ഒന്നിനും മൈക്കിൾ കാപ്പലിനി മെയ് അഞ്ചിനും മരില്ലൊ മെയ് 26നും എത്തും. എം.എസ്.സി മെറ്റ ഏപ്രിൽ അഞ്ചിനും ടെസ്സ ഏഴിനും ഗെമ്മ 19നും സെലസ്റ്റീനോ മരേസ 26നും വിഴിഞ്ഞത്തെത്തും.
മെയ് 12ന് ക്ലൗഡ് ജിറാർഡെയും ജൂൺ രണ്ടിന് നിക്കോളോ മാസ്‌ട്രോയും എത്തുമെന്നാണ് വിവരം.24,000ത്തിലധികം കണ്ടെയ്‌നറുകൾ വഹിക്കുന്ന കപ്പലുകളാണ് ഇവയിൽ പലതും. ഇവയ്ക്ക് 400 മീറ്ററിലധികം നീളവും 60 മീറ്ററിൽ അധികം വീതിയുമുണ്ട്. 23 കപ്പലുകളാണ് മൂന്നുമാസത്തിനകം വിഴിഞ്ഞത്തെത്തുന്നത്. ഇതോടെ വിഴിഞ്ഞം തുറമുഖം ചരക്കു കൈകാര്യം ചെയ്യുന്നതിൽ മറ്റൊരു റിക്കോഡ് കൂടി നേടുമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ മാസം വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത് 78,833 ടി.ഇ.യു ചരക്കാണ്. 40 കപ്പലുകളാണ് കഴിഞ്ഞ മാസം മാത്രം എത്തിയത്. ഇതോടെ ഇന്ത്യയുടെ തെക്കുകിഴക്കൻ മേഖലകളിലുൾപ്പെടുന്ന 15 തുറമുഖങ്ങളിൽ വിഴിഞ്ഞം ഒന്നാമതെത്തി. ജനുവരിയിൽ വിഴിഞ്ഞം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.വിഴിഞ്ഞം ട്രയൽ റൺ തുടങ്ങി ഇതുവരെ 193 കപ്പലുകളിൽ നിന്നായി 3.83 ലക്ഷം ടി.ഇ.യു ചരക്കെത്തി. നികുതിയിനത്തിൽ 37 കോടി രൂപയാണ് വിഴിഞ്ഞത്തിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."