പ്രവാസ ജീവിതസമ്പാദ്യം മുഴുവന്‍ കുടുംബത്തിനായി ചിലവാക്കി; ഒടുവില്‍ ഷൈലജ മടങ്ങി വെറും കൈയ്യോടെ, സുഹൃത്തിന്റെ അടുത്തേക്ക്
ദമാം: സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങുമ്പോള്‍, ഷൈലജയുടെ മനസ്സില്‍ വിഷമം നിറഞ്ഞിരുന്നു. ജീവിതകാലം മുഴുവന്‍ കുടുംബത്തിനായി ചെലവഴിച്ചിട്ടും, ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്റെ വേദന ആ മുഖത്ത് നിന്നും വായിച്ചെടുക്കാനാകുമായിരുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയായ ഷൈലജയുടെ ജീവിതം പ്രവാസത്തിന്റെ നൊമ്പരമായി മാറിയിരുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി വ്യക്തിജീവിതം ത്യജിച്ചതിന്റെ ബാക്കിപത്രമാണ് ഇവര്‍. ചെറുപ്പത്തിലാണ്, കുടുംബത്തിന്റെ സാമ്പത്തികപ്രാരാബ്ധങ്ങള്‍ക്ക് പരിഹാരം കാണാനായി, ഷൈലജ പ്രവാസജീവിതം തുടങ്ങിയത്. കുവൈറ്റില്‍ വീട്ടുജോലിക്കാരിയായി കുറെ വര്‍ഷം ചിലവഴിച്ചു. കിട്ടിയ ശമ്പളമൊക്കെയും അച്ഛന്റെ പേരില്‍ അയച്ചു കൊടുത്തു. സഹോദരങ്ങളുടെ ആവശ്യത്തിനായി ആ പണം മുഴുവന്‍ ചിലവഴിക്കപ്പെട്ടു. കുടുംബത്തിന്റെ പ്രാരാബ്ധം തീര്‍ക്കാനുള്ള തിരക്കില്‍ ഇതിനിടെ, പ്രായം ഏറിയിട്ടും വിവാഹം ഉള്‍പ്പെടെയുള്ള വ്യക്തിജീവിതം മറന്നു. അച്ഛന്റെ മരണശേഷം പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍, അവരുടെ പണം മാത്രം വേണമായിരുന്ന സഹോദരങ്ങള്‍ക്ക് അവര്‍ ബാധ്യതയായി.
വീട്ടുകാരുടെ അവഗണനയ്ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെയായപ്പോള്‍, രണ്ടു വര്‍ഷം മുന്‍പ് ഷൈലജ വീട്ടുജോലിക്കാരിയുടെ ഒരു വിസ തരപ്പെടുത്തി സഊദിയിലേക് വിമാനം കയറി. പണം കിട്ടാതെയായപ്പോള്‍ ആങ്ങളമാര്‍ ഫോണ്‍ വിളിക്കുക പോലും ചെയ്യാതെ അകന്നു. ക്രമേണ സഊദിയിലെ ജോലിയും ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായി. ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമായപ്പോള്‍, ആ വീട്ടില്‍ നിന്നിറങ്ങി ദമാം വനിതാ അഭയകേന്ദ്രത്തില്‍ അഭയം തേടി. ഇവിടെ വെച്ചാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ ഇവരെ കണ്ടുമുട്ടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈലജയെ താന്‍ ഒരു വര്‍ഷം മുന്‍പ് ഹുറൂബ് (ഒളിച്ചോട്ടക്കാരിയായി കണക്കാക്കി പരാതി നല്‍കുക) ചെയ്തതായി സ്‌പോണ്‍സര്‍ അറിയിച്ചത്. കൂടുതല്‍ ഇനി ചെയ്യാനില്ലെന്നു പറഞ്ഞു സ്‌പോണ്‍സറും കയ്യൊഴിഞ്ഞു.
ഇന്ത്യന്‍ എംബസി വഴി ഷൈലജക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. സാമൂഹ്യപ്രവര്‍ത്തകനായ ഷിറാസ് ഇടപ്പറ ഷൈലജയ്ക്ക് വിമാനടിക്കറ്റ് നല്‍കിയതോടെ ഇനി സ്വന്തമായി ആദ്യം മുതല്‍ ആരംഭിക്കാനായി തിരിച്ചു നാട്ടിലേക്ക് തന്നെ വിമാനം കയറി. .
വീട്ടുകാര്‍ക്ക് വേണ്ടാത്ത തനിക്ക് നാട്ടിലെത്തിയാല്‍ ഇനിയെന്ത് എന്നവസ്ഥയില്‍ അവിടേക്ക് പോകാന്‍ പോലും ഇവര്‍ക്ക് മനസ്സ് വന്നില്ല. ഇതേ തുടര്‍ന്ന് കുവൈറ്റില്‍ വെച്ച് പരിചയത്തിലായി അടുത്ത സുഹൃത്തായി മാറിയ ഒരു ആന്ധ്രാ വനിതയുടെ ക്ഷണമനുസരിച്ച് നാട്ടില്‍ അവരുടെ അടുത്തേക്കാണ് ഷൈലജ യാത്രയായത്. അവിടെ ഒരു ചെറിയ ഹോട്ടല്‍ തുടങ്ങി അവരോടൊപ്പം ശിഷ്ടജീവിതം നയിക്കാനാണ് ഷൈലജയുടെ തീരുമാനം. നവയുഗം സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള കാര്യങ്ങള്‍ക്കായി മുന്നിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."