ഫാസിസ്റ്റ് വര്‍ഗീയ വൈറസിനെ ചെറുക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം: ആര്‍.ബി ശ്രീകുമാര്‍
കൊണ്ടോട്ടി: നരേന്ദ്ര മോദിയുടെ ഭരണം മൂലം രാജ്യത്തെ ഗ്രാമതലങ്ങളില്‍ പോലും ഫാസിസ്റ്റ് വര്‍ഗീയ വൈറസ് പടരുന്നതിന് കാരണമായതായി ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍ പറഞ്ഞു.
'ഫാസിസത്തിന് മാപ്പില്ല,നീതി നിഷേധം നടപ്പില്ല' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിമാനത്താവള മാര്‍ച്ച് കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസ്റ്റ് വര്‍ഗീയതയെ ചെറുക്കാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണം.
ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടുകയാണ് വേണ്ടത്. ഉത്തരേന്ത്യയില്‍ ജാതിയുടെ മതത്തിന്റെയും പേരിലാണ് പീഡനം. പിണറായി വിജയനും, ഉമ്മന്‍ ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യന്‍ ജീവിതം. ഫാസിസ്റ്റുകളുടെ ക്രൂരമായി പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദി സ്വന്തക്കാരേയും കുടുംബത്തേയും അകറ്റി നിര്‍ത്തി അഴിമതി ഇല്ലെന്ന് പറഞ്ഞ് ജനങ്ങളെ കൈയിലെടുക്കുന്നു.
എന്നാല്‍ ഗുജറാത്തിലടക്കമുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ മോദിക്ക് കഴിയില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഭയമില്ലാതെ ഏറ്റെടുത്തപ്പോള്‍ തന്നെ മുസ്‌ലിം ഗുണ്ടകളുടെ സംരക്ഷകനായി തന്നെ മുദ്രകുത്തി. എന്നാല്‍ താന്‍ ഭയന്നില്ല, ഇപ്പോഴും ഭയക്കുന്നില്ല. എല്ലാ മതങ്ങളിലേയും പുരോഹിതര്‍ ഒരുമിച്ചിരുന്ന് രാജ്യത്തെ രക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
മോദി സര്‍ക്കാര്‍ ഫാസിസ്റ്റ്
അജന്‍ഡകള്‍ നടപ്പിലാക്കുന്നു: ഹമീദലി ശിഹാബ് തങ്ങള്‍
കൊണ്ടോട്ടി: ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റുകളുടെ ഹിഡന്‍ അജന്‍ഡകള്‍ നടപ്പിലാക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വിമാനത്താവള മാര്‍ച്ചില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ലോകത്തിന് മാതൃകയായ ഇന്ത്യന്‍ ഭരണഘടന പോലും പൊളിച്ചെഴുതാനാണ് ഫാസിസ്റ്റുകള്‍ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് ശ്രമം.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ന്യൂനപക്ഷങ്ങളും, ദലിതരും പീഡനത്തിനിരയായിക്കൊണ്ടിരിക്കുകയാണ്.ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തത്വം തന്നെയാണ് മോദി സര്‍ക്കാറും പിന്തുടരുന്നത്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് സ്പര്‍ധയുണ്ടാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ഫാസിസ്റ്റുകളുടെ കടന്നു കയറ്റത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുമെന്നും ഈ സമരം സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."