കോണ്‍ഗ്രസ് ഓഫിസും വായനശാലയും തീവച്ച് നശിപ്പിച്ചു
പാനൂര്‍: മീത്തലെ കുന്നോത്ത് പറമ്പില്‍ കോണ്‍ഗ്രസ് ഓഫിസും വി. അശോകന്‍ മാസ്റ്റര്‍ സ്മാരക വായനശാലയും തീവച്ച് നശിപ്പിച്ചു. അക്രമത്തിന് പിന്നില്‍ സി.പി.എമ്മെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഞായറാഴച അര്‍ധരാത്രിയാണ് പൂട്ടുപൊളിച്ച് അക്രമികള്‍ അകത്ത് കടന്നു തീ കൊടുത്തത്. കെട്ടിടത്തിന്റെ ചുമരുകളില്‍ വിള്ളലുണ്ടാകുകയും മേല്‍ക്കൂരക്ക് കേടു സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മുപ്പതോളം കസേരകള്‍, രണ്ടുറീഡിങ് മേശകള്‍, 50 പതാകകള്‍, റിക്കോര്‍ഡുകള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
കോണ്‍ഗ്രസ് കമ്മറ്റി സ്വന്തമായി നിര്‍മിച്ച കെട്ടിടത്തില്‍ താഴത്തെ നിലയില്‍ വായനശാലയും മുകളില്‍ കോണ്‍ഗ്രസ് ഓഫിസുമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 15നു യൂത്ത് കോണ്‍ഗ്രസ് കുന്നോത്തുപറമ്പ് മണ്ഡലം സെക്രട്ടറിയുടെ വീട്ടല്‍ റീത്ത് വച്ചിരുന്നു. മീത്തലെ കുന്നോത്ത്പറമ്പ് സി.കെ പ്രജീഷിന്റെ വീട്ടു കോലായിലാണ് റീത്ത് വച്ചത്. വിവരമറിഞ്ഞ് എത്തിയ കൊളവല്ലൂര്‍ പൊലിസും നാട്ടുകാരും തീയണച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വി. സുരേന്ദ്രന്‍, കെ.പി ഹാഷിം, കെ.പി സാജു, സി.വി.എ ജലീല്‍, സന്തോഷ് കണ്ണംവള്ളി, കെ. ഭാസ്‌കരന്‍, കെ.പി ശിവല്‍സന്‍, പി.പി രാജന്‍, പി. ഷാജിഷ് സന്ദര്‍ശിച്ചു. കൊളവല്ലൂര്‍ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. അതേസമയം, അക്രമത്തില്‍ പങ്കില്ലെന്ന് സി.പി.എം നേതൃത്വവും പറഞ്ഞു.
തീവച്ച് നശിപ്പിച്ചത് സി.പി.എം: പാച്ചേനി
കണ്ണൂര്‍: മീത്തലെകുന്നോത്ത്പറമ്പ് രാജീവ്ഭവനും അവിടെ പ്രവര്‍ത്തിക്കുന്ന വായനശാലയും തീവച്ച് നശിപ്പിച്ചവര്‍ അക്ഷര വിരോധികളായ സി.പി.എം പ്രവര്‍ത്തകരാണെന്ന് ഇവര്‍ ഇരുട്ടിന്റെ സന്തതികളാണെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. കുന്നോത്ത്പറമ്പ് പ്രദേശത്ത് ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സി.പി.എം നേതൃത്വത്തില്‍ പല തരത്തിലുള്ള ശ്രമങ്ങളും അടുത്ത കാലത്തായി ഉണ്ടായിട്ടുണ്ട്.
രാജീവ് ഭവന്‍തീവച്ച് നശിപ്പിച്ചതില്‍ സി.പി.എമ്മിന്റെ പങ്ക് വളരെ വ്യക്തമാണ്. അറിവിന്റെ ശ്രീകോവിലുകളാണ് വായശാലകള്‍ അത്തരം വായനശാലകള്‍ പൊതു സമൂഹത്തിന്റെയാകെ സ്വത്തും സംരക്ഷിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."