മുത്വലാഖില്‍ തുടരേ നോട്ടിസ്: എന്നാല്‍ നിയമം പാസാക്കിയത് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷക്കുവേണ്ടിയെന്ന് നിയമമന്ത്രി, ഭഗവദ്ഗീതയുടെ പ്രചോദനമാണ് ഇന്ത്യന്‍ ഭരണഘടനയെന്നും മന്ത്രി
ന്യൂഡല്‍ഹി: ബ്രിട്ടീഷ് ഭരണകാലത്തെ 1400 ഓളം നിയമങ്ങള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കിയതായി കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ നിരവധി നിയമങ്ങള്‍ അസാധുവാക്കി മുത്തലാഖ്, സ്ത്രീ സുരക്ഷ തുടങ്ങിയ നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പാസാക്കുകയും ചെയ്തത് ജനങ്ങളുടെ പ്രശ്നങ്ങളും സൗകര്യങ്ങളും കണക്കിലെടുത്താണെന്നും അദ്ദേഹം പറഞ്ഞു.
മുത്വലാഖ് നിയമത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന് വീണ്ടും നോട്ടിസ് അയച്ചതിനു പിന്നാലെയാണ് മുത്തലാഖ് ജനോപകാര നിയമമാണെന്ന അവകാശവാദവുമായി നിയമമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടിസയക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട മറ്റു ഹരജികള്‍ക്കൊപ്പം ഈ ഹരജിയും ജസ്റ്റിസുമാരായ എന്‍.വി രമണ, ഇന്ദിരാ ബാനര്‍ജി, അജയ് രസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിക്കും.
അതേ സമയം ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും നിയമ മന്ത്രി അവകാശപ്പെട്ടു.
രാജ്യത്തെ വിവിധ കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ദശലക്ഷകണക്കിന് കേസുകള്‍ തീര്‍പ്പാക്കുന്നതിന് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ വിപുലപ്പെടുത്തും. അര്‍ബിട്രേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(എ.സി.ഐ) എന്ന പേരില്‍ ഒരു സ്വതന്ത്ര തീര്‍പ്പുകല്‍പ്പിക്കല്‍ സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
രാജ്യത്തെ കീഴ്കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്നതിന് അഖിലേന്ത്യ ജുഡീഷ്യല്‍ സര്‍വിസ് തുടങ്ങാനുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും പാലിക്കാതെ ഒക്ടോബര്‍ രണ്ട് മുതല്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊതുജനങ്ങള്‍ക്ക് നേരിട്ട് നോട്ടിസ് അയക്കാന്‍ പറ്റില്ലെന്നും നിയമ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."