നന്നമ്പ്ര വില്ലേജില്‍ ആവശ്യത്തിന് ജീവനക്കാരില്ല; ജനം വലയുന്നു
തിരൂരങ്ങാടി: ആവശ്യത്തിന് ജീവനക്കാരില്ല. വില്ലേജ് അധികൃതരും നാട്ടുകാരും ഒരുപോലെ വിയര്‍ക്കുന്നു. നന്നമ്പ്ര വില്ലേജ് ഓഫിസിലാണ് ഈ ദുരവസ്ഥ.
വില്ലേജ് ഓഫിസര്‍, ഒരു സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍, മൂന്ന് വില്ലേജ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെയാണ് വേണ്ടത്. എന്നാല്‍ നിലവില്‍ സ്‌പെഷല്‍ വില്ലേജ് ഓഫിസറുടെയും വില്ലേജ് അസിസ്റ്റന്റിന്റെയും കുറവുണ്ട്. ഒന്നരവര്‍ഷമായി വില്ലേജ് അസിസ്റ്റന്റിനെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതുവരെ നികത്തിയിട്ടില്ല.
സ്‌പെഷ്യല്‍ വി.ഒ കഴിഞ്ഞയാഴ്ചയാണ് സ്ഥലം മാറിപ്പോയത്. പകരം ആളെ നിയമിച്ചിട്ടില്ല. ചെറുമുക്ക്, കുണ്ടൂര്‍, കൊടിഞ്ഞി, നന്നമ്പ്ര, തെയ്യാല തുടങ്ങി പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നന്നമ്പ്ര വില്ലേജില്‍ നാല്‍പതിനായിരത്തോളമാണ് ജനസംഖ്യ.
ഭൂമിയുടെ തണ്ടപ്പേര്, നികുതിയടക്കല്‍, ആധാര്‍ ലിങ്ക്, കൈവശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂ സര്‍വ്വേ, വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങള്‍ തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി നിത്യേന നൂറുകണക്കിനാളുകളാണ് വില്ലേജ് ഓഫീസിലെത്തുന്നത്. എന്നാല്‍ ഓഫിസില്‍ ആവശ്യത്തിന് സ്റ്റാഫില്ലാത്തതിനാല്‍ മിക്കയാളുകള്‍ക്കും ഒരേ ആവശ്യത്തിന് നിരവധി തവണ ഓഫിസില്‍ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. നിലവില്‍ ഉള്ള ജീവനക്കാര്‍ക്കാവട്ടെ ജീവനക്കാരുടെ കുറവ് അമിത ജോലിയും നല്‍കുന്നുണ്ട്. ഒഴിഞ്ഞുകിടക്കുന്ന തസ്തിക നികത്തി എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."